പെരുമ്പാവൂർ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ സൃഷ്ടിച്ച വൻ പ്രതിസന്ധികളെ മറികടക്കാൻ കാർഷിക സർവകലാശാലയുമായി സഹകരിച്ച് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ് പ്രഖ്യാപിച്ചു. മനോജ് മൂത്തേടൻ എംഎൽഎയുടെ നേതൃത്വത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച പെരുമ്പാവൂർ നിയോജക മണ്ഡലം ഞാറ്റുവേല ഫെസ്റ്റ് ‘ഞാറ്റുപൊലിമ 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർ നേരിടുന്ന വന്യമൃഗശല്യം, വളത്തിന്റെ വിലവർദ്ധനവ്, തൊഴിലാളി ക്ഷാമം, വിപണന ദൗർലഭ്യം എന്നിവ പരിഹരിച്ച് അവരുടെ ജീവിതനിലവാരം ഉയർത്താനുള്ള ഉറച്ച ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. മുൻ സർക്കാർ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക ആനുകൂല്യങ്ങൾ ഘട്ടങ്ങളായി വിതരണം ചെയ്യും. വനിതാ കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിനായി ‘കൃഷിസഖി’ പദ്ധതിയും, വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും കാർഷിക സംസ്കാരവും വളർത്താൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ‘കതിർ’ കാർഷിക ക്ലബ്ബുകളും ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ തരിശുഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മനോജ് മൂത്തേടൻ എംഎൽഎ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു. മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, പ്രമുഖ നേതാക്കളായ ടി എം സക്കീർ ഹുസൈൻ, ഒ ദേവസി, എസ് ഷറഫ്, കെ പി വർഗീസ്, പി കെ മുഹമ്മദ് കുഞ്ഞ് എന്നിവരും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എം സലീം, ബിന്ദു ഗോപാലകൃഷ്ണൻ, സിന്ധു ശശി, ഷൈമി വർഗീസ്, ബിനോയ് അരീക്കൽ, പി സി പ്രസാദ്, ഷെമിത ഷെരീഫ് എന്നിവരും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എ മുക്താർ, അൽഫോൻസ ഡേവിസ്, ടി TS സുമയ്യ, അഹല്യ സദാനന്ദൻ, ജനപ്രതിനിധികളായ ബിജു ജോൺ ജേക്കബ്, ഷോജ റോയി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മണ്ണിനെ പൊന്നാക്കിയ മികച്ച കർഷകരെയും മുതിർന്ന കർഷകരെയും ചടങ്ങിൽ ആദരിച്ചു. പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ കാർഷിക പ്രദർശന-വിപണന സ്റ്റാളുകൾ, വൈവിധ്യമാർന്ന സെമിനാറുകൾ, മനംകവരുന്ന കലാപരിപാടികൾ എന്നിവയോടെ ജനശ്രദ്ധയാകർഷിച്ച ഞാറ്റുപൊലിമ ഫെസ്റ്റ് ഇന്ന് സമാപിക്കും.
What do you feel about this post?

Like

Love

Happy

Haha

Sad











