പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ള പാവപ്പെട്ട രോഗികൾക്ക് നൽകിവന്നിരുന്ന പാലും ബ്രെഡും വിതരണം ചെയ്യുന്നത് നഗരസഭ ഭരണകൂടം ഒറ്റയടിക്ക് നിർത്തലാക്കിയതിനെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുൻപിൽ ശക്തമായ പ്രതിഷേധ ധർണ നടത്തി. ജൂൺ അഞ്ചിന് എംഎൽഎയുടെയും നഗരസഭ ചെയർപേഴ്സന്റെയും നേതൃത്വത്തിൽ ചേർന്ന ആശുപത്രി വികസന സമിതി (എച്ച്എംസി) യോഗത്തിലാണ് ജൂൺ 16 മുതൽ വിതരണം നിർത്താൻ തീരുമാനിച്ചത്. പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ബദൽ ഫണ്ട് കണ്ടെത്താൻ ശ്രമിക്കാതെ, ഏകപക്ഷീയമായി ആനുകൂല്യം നിർത്തലാക്കുകയായിരുന്നുവെന്ന് എൽഡിഎഫ് ആരോപിച്ചു. സർക്കാർ ഫണ്ട് ലഭ്യമാകുന്നതുവരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ രോഗികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുമെന്നും മുന്നണി നേതാക്കൾ പ്രഖ്യാപിച്ചു.സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ എൻസി മോഹനൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കെപി റജിമോൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി സിഎം അബ്ദുൾ കരിം, പിഎം സലിം, വിപി ഖാദർ, രമേഷ് ചന്ദ്, കെഇ നൗഷാദ്, വിപി ബാബു, ഡോ അജി സി പണിക്കർ, പിഎ അഷ്കർ, ഡോ പിഎസ് സുബിൻ, രാജേഷ് കാവുങ്കൽ, പികെ രാജീവൻ എന്നിവർ പ്രസംഗിച്ചു.
ചെയർപേഴ്സന്റേത് കള്ളപ്രസ്താവന; വൻ കൃത്യവിലോപമെന്ന് ആരോപണം
രോഗികൾക്ക് പോഷകാഹാരം വിതരണം ചെയ്യാൻ സർക്കാർ അനുവദിച്ച രണ്ടു വർഷത്തെ ഫണ്ടായ മൂന്ന് ലക്ഷം രൂപ എറണാകുളം ഡിഎംഒ ഓഫിസിൽ ലഭ്യമാണ്. എന്നാൽ ശരിയായ ബില്ലുകളും വൗച്ചറുകളും സമർപ്പിക്കാത്തതു കൊണ്ടുമാത്രമാണ് ഈ തുക തടഞ്ഞുവെച്ചിരിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചാണ്, മുൻ സർക്കാർ ഫണ്ട് നൽകാത്തതുകൊണ്ടാണ് വിതരണം നിർത്തിയതെന്ന കള്ളപ്രസ്താവന ചെയർപേഴ്സൺ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു. ചെയർപേഴ്സന്റെ പ്രസ്താവന തെറ്റാണെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി എടുത്ത തീരുമാനങ്ങൾ കൗൺസിലിൽ വെച്ച് അംഗീകരിക്കുന്നതിനായി സൂപ്രണ്ട് നഗരസഭയ്ക്ക് നൽകിയ മിനിറ്റ്സ്, കൗൺസിൽ കണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചെയർപേഴ്സൺ മാത്രം ഒപ്പിട്ട് തിരികെ നൽകുകയായിരുന്നു. ഇത് വലിയ കൃത്യവിലോപമാണ്. കൂടാതെ, ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കുന്ന ഡീപ്പ് ഫ്രീസറിന്റെ ചാർജ് വർദ്ധിപ്പിച്ചതും പാർക്കിങ് ഫീസ് ഈടാക്കാൻ സ്വകാര്യ വ്യക്തികളെ ഏൽപ്പിക്കാൻ തീരുമാനിച്ചതും നഗരസഭ കൗൺസിൽ അറിയാതെയാണെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ അറിയിച്ചിട്ടുണ്ട്.കൗൺസിൽ അംഗീകാരമില്ലാതെ തന്നിഷ്ടപ്രകാരം നടപ്പിലാക്കിയ ജനദ്രോഹ തീരുമാനങ്ങൾ പിൻവലിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും, ചെയർപേഴ്സന്റെ നടപടികൾക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നണി നേതാക്കൾ അറിയിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











