പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ. അജണ്ടകൾ യാതൊരു ചർച്ചയുമില്ലാതെ ഏകപക്ഷീയമായി പാസാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷമായ എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭാ ഓഫീസിന്റെ കവാടത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. യോഗത്തിനിടെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വനിതാ കൗൺസിലർമാരെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തതും വലിയ വിവാദമായി.
കഴിഞ്ഞ മാസം 27-ന് ചേർന്ന കൗൺസിൽ യോഗത്തിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചതിനെ തുടർന്ന് മൂന്ന് അജണ്ടകൾ പാസാക്കാതെ മാറ്റിവെച്ചിരുന്നു. എന്നാൽ ബുധനാഴ്ച (ജൂലൈ 15) നടന്ന യോഗത്തിൽ, മാറ്റിവെച്ച ഈ അജണ്ടകൾ പാസായതായി മിനുട്സിൽ തെറ്റായി രേഖപ്പെടുത്തിയത് എൽ.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തു. ബഹളത്തെത്തുടർന്ന് ജൂലൈ 15-ലെ കൗൺസിൽ യോഗത്തിന്റെ മുഴുവൻ അജണ്ടകളും യാതൊരുവിധ ചർച്ചകളുമില്ലാതെ ഏകപക്ഷീയമായി പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ യോഗം പിരിച്ചുവിടുകയായിരുന്നു.
ചെയർപേഴ്സന്റെ ഈ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് കൗൺസിൽ ഹാളിനുള്ളിൽ മുദ്രാവാക്യം വിളിച്ച എൽ.ഡി.എഫ് അംഗങ്ങൾ പിന്നീട് കവാടത്തിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.യോഗ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കാതെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.ഡി.എഫ് അംഗങ്ങൾക്ക് നേരെ മോശം പദപ്രയോഗങ്ങളും ശരീരഭാഷയും ഉപയോഗിച്ചതായി പ്രതിപക്ഷം ആരോപിച്ചു. വനിതാ കൗൺസിലർമാരെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ഇദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനിതാ കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. മുൻപ് ഒരു നഗരസഭാ ജീവനക്കാരനെ ഇദ്ദേഹം കയ്യേറ്റം ചെയ്തതിനെ തുടർന്ന് ജീവനക്കാർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
What do you feel about this post?

Like

Love

Happy

Haha

Sad











