പെരുമ്പാവൂർ: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ എം. പി. നാരായണപിള്ളയും സി. അയ്യപ്പനും പി. മധുസൂദനനുമെല്ലാം അക്ഷരം പഠിച്ച വിദ്യാലയത്തിലെ പുതിയ തലമുറ തങ്ങളുടെ മുൻഗാമികളുടെ വഴിയേ അറിവിന്റെ ലോകത്തേക്ക്. നാട്ടിലെ സാഹിത്യകാരന്മാർക്കൊപ്പം വായനശാല സന്ദർശിച്ച് വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ശ്രദ്ധേയരാകുന്നത്.
സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘നാടിന്റെ എഴുത്തുകാർക്കൊപ്പം നാട്ടിലെ ഗ്രന്ഥശാലയിൽ’ എന്ന പേരിലാണ് വേറിട്ട ഈ വായനാപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എട്ടു ദിവസങ്ങളിലായി സ്‌കൂളിലെ മുഴുവൻ കുട്ടികളും ഓരോ സായാഹ്നം വളയൻചിറങ്ങര വി.എൻ.കെ.പി വായനശാലയിൽ ചെലവഴിക്കുന്നതാണ് ഈ പദ്ധതി. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് സുരേഷ് കീഴില്ലം നിർവഹിച്ചു. വരും ദിവസങ്ങളിൽ വളയൻചിറങ്ങരയിലെ വിവിധ എഴുത്തുകാർ വായനശാലയിലെത്തി കുട്ടികളുമായി നേരിട്ട് സംവദിക്കും.ഉദ്ഘാടന സമ്മേളനത്തിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പി. അജയകുമാർ, വായനശാല സെക്രട്ടറി പി. രാജൻ, എം. കെ. മദനമോഹനൻ, സ്‌കൂൾ മാതൃസംഗമം പ്രസിഡൻ്റ് ഷീജ എൽദോസ് എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജി. ആനന്ദകുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അധ്യാപകരായ ജി. അജീന, ജി. അനു, കെ. ബിന്ദു, അരുൺ സി, ഷീജ എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പുതിയ തലമുറയെ പുസ്തകങ്ങളിലേക്കും വായനശാലകളിലേക്കും അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഉദ്യമത്തിന് മികച്ച പിന്തുണയാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad











