എട്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകുമോ? കൂവപ്പടിയിൽ പുതിയ പോസ്റ്റ് ഓഫീസ് നിർമാണത്തിന് സാധ്യതാപഠനം

പെരുമ്പാവൂർ: എട്ടു പതിറ്റാണ്ടിലേറെയായി കാടുകയറി കിടക്കുന്ന സ്വന്തം ഭൂമിയിൽ പോസ്റ്റ് ഓഫീസ് കെട്ടിടം ഉയരുമെന്ന പ്രതീക്ഷയിൽ കൂവപ്പടി. പഞ്ചായത്ത് ഓഫീസിന് സമീപം തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലത്ത് പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടം നിർമിക്കുന്നതിനുള്ള പ്രാഥമിക സാധ്യതാപഠനത്തിനായി തപാൽ വകുപ്പിന്റെ ഇടപ്പള്ളി നിർമാണ വിഭാഗത്തിലെ സിവിൽ എൻജിനീയർമാർ സ്ഥലത്തെത്തി. വർഷങ്ങളായി മുടങ്ങിക്കിടന്ന ആവശ്യത്തിന് ഇതോടെ വീണ്ടും ജീവൻവെച്ചിരിക്കുകയാണ്.വ്യാഴാഴ്ച സ്ഥലത്തെത്തിയ തപാൽ വകുപ്പ് ജൂനിയർ എൻജിനീയർ ബാലു, അസിസ്റ്റന്റ് എൻജിനീയർ ഷെറിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർമാണസാധ്യതകൾ വിലയിരുത്തി. കെട്ടിടനിർമാണത്തിന് ആവശ്യമായ സൗകര്യങ്ങൾ, നിർമാണസാമഗ്രികളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് നാട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.31.18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 22 വാർഡുകളുമുള്ള കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളിലൊന്നായ പോസ്റ്റ് ഓഫീസ് ഇന്നും പരിമിതമായ സൗകര്യങ്ങളുള്ള സ്വകാര്യ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അയ്മുറി–പൂപ്പാനി റോഡിന് സമീപത്തെ സ്ഥലപരിമിതിയുള്ള കെട്ടിടത്തിലെ പ്രവർത്തനം ജീവനക്കാർക്കും ഇടപാടുകാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്വന്തമായി ഭൂമിയുണ്ടായിട്ടും അനുയോജ്യമായ കെട്ടിടമില്ലാത്ത സാഹചര്യമാണ് പോസ്റ്റ് ഓഫീസിന്റെ വികസനത്തിന് തടസ്സമായി തുടരുന്നത്.ഒരുകാലത്ത് ആലുവ പോസ്റ്റൽ ഡിവിഷനു കീഴിലെ ഏറ്റവും തിരക്കേറിയ ഗ്രാമീണ പോസ്റ്റ് ഓഫീസുകളിലൊന്നായിരുന്നു കൂവപ്പടിയിലേത്. മണിഓർഡറുകൾ ഏറ്റവുമധികം കൈകാര്യം ചെയ്തിരുന്ന തപാൽ ഓഫീസുകളിലൊന്നെന്ന ചരിത്രവും സ്ഥാപനത്തിനുണ്ട്. ഗ്രാമീണ ജനതയുടെ സാമ്പത്തിക ഇടപാടുകളിലും ആശയവിനിമയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന പോസ്റ്റ് ഓഫീസിന് കാലാനുസൃതമായ സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ട്.പഞ്ചായത്ത് ഓഫീസിന് സമീപം മെയിൻ റോഡിനോട് ചേർന്നുള്ള തപാൽ വകുപ്പിന്റെ 20 സെന്റ് ഭൂമി പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. കാടുമൂടിയ ഈ ഭൂമിയിൽ അനുയോജ്യമായ കെട്ടിടം നിർമിച്ചാൽ തപാൽ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം പൊതുമുതൽ ഫലപ്രദമായി വിനിയോഗിക്കാനും കഴിയും. നിലവിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ വാടകയിനത്തിൽ തപാൽ വകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ ചെലവുണ്ടാകുന്നുണ്ടെന്നും സ്വന്തമായുള്ള ഭൂമി പ്രയോജനപ്പെടുത്തി ഈ ചെലവ് കുറയ്ക്കാൻ കഴിയുമെന്നും വാർഡ് അംഗം ഗിരീഷ് നെടുമ്പുറത്ത് ചൂണ്ടിക്കാട്ടി.പോസ്റ്റ് ഓഫീസ് കെട്ടിടനിർമാണത്തിനായി വർഷങ്ങളായി നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ട മേലധികാരികൾക്ക് നൽകിയെങ്കിലും പ്രതീക്ഷിച്ച പുരോഗതിയുണ്ടായിരുന്നില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിനു പിന്നാലെ ഇരുപത്തിയൊന്നാം വാർഡ് അംഗം ഗിരീഷ് നെടുമ്പുറത്ത് സംസ്ഥാന ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിനും കേന്ദ്രമന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നൽകിയ നിവേദനങ്ങളാണ് പുതിയ നീക്കത്തിന് വഴിയൊരുക്കിയത്. ഇതിന്റെ തുടർച്ചയായാണ് നിർമാണവിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാധ്യതകൾ പരിശോധിച്ചത്.എന്നാൽ, സാധ്യതാപഠനം ആരംഭിച്ചുവെന്നത് നിർമാണത്തിന് അന്തിമാനുമതി ലഭിച്ചുവെന്നർഥമല്ല. സ്ഥലപരിശോധനയും സാങ്കേതിക വിലയിരുത്തലും പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതടക്കമുള്ള നടപടികൾ ഇനിയും ബാക്കിയുണ്ട്. തുടർന്ന് ഭരണാനുമതി, സാമ്പത്തിക അനുമതി, നിർമാണപദ്ധതി അംഗീകാരം തുടങ്ങിയ ഘട്ടങ്ങൾ പൂർത്തിയാക്കിയാലേ കെട്ടിടനിർമാണത്തിലേക്ക് കടക്കാനാകൂ. അതിനാൽ നടപടികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണ്.കൂവപ്പടിയുടെ തപാൽ സേവനങ്ങൾക്ക് കാലാനുസൃതമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം പതിറ്റാണ്ടുകളായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പൊതുസ്വത്ത് പ്രയോജനപ്പെടുത്താനും പുതിയ കെട്ടിടം സഹായിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പ്രാഥമിക പഠനം അനുകൂലമായാൽ നിർമാണത്തിനുള്ള തുടർനടപടികൾ വൈകാതെ ആരംഭിക്കണമെന്നാണ് ആവശ്യം.സ്ഥലം എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് തപാൽ വകുപ്പിന്റെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനും നിരന്തരമായ നിവേദനങ്ങൾക്കും ഒടുവിൽ തെളിഞ്ഞിരിക്കുന്ന സാധ്യത യാഥാർഥ്യമാകുമോയെന്ന പ്രതീക്ഷയിലാണ് കൂവപ്പടി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top