പെരുമ്പാവൂർ: പെരിയാറിന്റെ തീരത്ത് ചരിത്രത്തിന്റെ ഏടുകൾ പേറി നിലകൊള്ളുന്ന പ്രശസ്തമായ കോടനാട് ആനക്കളരിയിലെ ആനക്കൂട് സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിൽ. നാടിന്റെ പൈതൃക പ്രൗഢിയും വിനോദസഞ്ചാര സാധ്യതകളും വിളിച്ചോതുന്ന ഈ ചരിത്രസ്മാരകം നിലവിൽ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ മനോഹരമായ പശ്ചാത്തലമുള്ള പെരിയാറിന്റെ തീരത്താണ് ഈ ആനക്കൂട് സ്ഥിതി ചെയ്യുന്നത്.1895-ൽ റിസർവ് വനത്തിൽ ആരംഭിച്ച ആനപ്പിടുത്തത്തിലൂടെയാണ് കോടനാട് ആനക്കളരി പ്രശസ്തമാകുന്നത്. കാട്ടിലുണ്ടാക്കുന്ന വാരിക്കുഴികളിൽപ്പെടുന്ന കാട്ടാനകളെ ഇവിടെയെത്തിച്ച് പരിചയസമ്പന്നരായ പാപ്പാന്മാരും താപ്പാനകളും ചേർന്നാണ് മെരുക്കിയെടുത്തിരുന്നത്. വനം വകുപ്പിലെ വിവിധ ജോലികൾക്കായുള്ള പരിശീലനമാണ് ഇവിടെ നൽകിയിരുന്നത്. കോന്നി, മുത്തങ്ങ, ആര്യങ്കാവ് എന്നിവിടങ്ങളിലും ആനക്കളരികൾ ഉണ്ടായിരുന്നുവെങ്കിലും ഭൗതിക സാഹചര്യങ്ങൾ കൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഏറെ മികച്ചുനിന്നത് കോടനാടായിരുന്നു.1965-ലാണ് പെരിയാറിന്റെ തീരത്ത് വൻമരങ്ങൾ കൊണ്ടുള്ള അഴികളും ഓടുമേഞ്ഞ മേൽക്കൂരയുമുള്ള 20 അടിയോളം ഉയരമുള്ള കൂട് നിർമ്മിച്ചത്. ഒരേ സമയം അഞ്ച് ആനകളെ വരെ പാർപ്പിക്കാൻ ശേഷിയുള്ളതായിരുന്നു ഇത്. 1981-ൽ ആനപ്പിടുത്തം നിരോധിച്ചതോടെയാണ് കേന്ദ്രത്തിന്റെ പ്രതാപത്തിന് മങ്ങലേറ്റത്. എങ്കിലും, അപകടങ്ങളിൽപ്പെടുന്നതും ഒറ്റപ്പെടുന്നതുമായ കുട്ടിയാനകൾക്ക് ആവശ്യമായ പരിചരണവും ചികിത്സയും ഇവിടെ തുടർന്നു നൽകിയിരുന്നു.എന്നാൽ, ആനക്കൂടിനോട് ചേർന്നുണ്ടായിരുന്ന ചെറു മൃഗശാലയും ഉദ്യാനവും തൊട്ടടുത്തുള്ള കപ്രിക്കാട്ടേക്ക് (അഭയാരണ്യം) മാറ്റിയതോടെയാണ് കോടനാട്ടെ പഴയ കേന്ദ്രം തീർത്തും ആൾപ്പാർപ്പില്ലാത്തതായതും സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചതും. തുടർപരിചരണമില്ലാതായതോടെ ചരിത്രപ്രസിദ്ധമായ ആനക്കൂടും പരിസരവും കാടുകയറുകയും മരത്തടികൾ നശിക്കാൻ തുടങ്ങുകയും ചെയ്തു. ഇപ്പോഴും നാടിന്റെ പഴയകാല പ്രതാപമായ ആനക്കൂട് കാണാൻ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെങ്കിലും നിരാശയോടെ മടങ്ങേണ്ടിവരുന്ന അവസ്ഥയാണ്. പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതിനൊപ്പം ഈ പൈതൃക സമ്പത്ത് പുനരുദ്ധരിച്ചു സംരക്ഷിക്കാൻ അധികൃതരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











