പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ഓണംകുളം–ഊട്ടിമറ്റം റോഡിന്റെ നവീകരണപ്രവൃത്തികൾ പുരോഗമിക്കുന്നു. പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടൻ റോഡ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കി വീതി വർധിപ്പിക്കാനും അപകടസാധ്യതയുള്ള വളവുകൾ നിവർത്താനും നടപടികൾ സ്വീകരിക്കും.അഞ്ചര മീറ്റർ വീതിയിൽ നവീകരിക്കുന്ന റോഡിന്റെ നിർമാണമാണ് നിലവിൽ നടക്കുന്നത്. റോഡ് രണ്ടടിയോളം താഴ്ത്തി മണ്ണ് നീക്കം ചെയ്തശേഷം ക്വാറി മിശ്രിതം നിരത്തി ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്. റോഡിന്റെ ഗുണനിലവാരവും ദീർഘകാലം നിലനിൽക്കുന്ന നിർമാണവും ഉറപ്പാക്കുന്നതിനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.റോഡിന്റെ ചില ഭാഗങ്ങളിലെ വീതിക്കുറവും വളവുകളും ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുനൽകാൻ തയ്യാറായാൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതി വർധിപ്പിക്കാനും വളവുകൾ നിവർത്താനും കഴിയുമെന്ന നിർദേശം എം.എൽ.എ പരിസരവാസികളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചു. ഇതുസംബന്ധിച്ച് പരിസരവാസികളുമായി ധാരണയിലെത്തിയതായും അറിയിച്ചു.റോഡ് നവീകരണത്തോടൊപ്പം വീതി കുറഞ്ഞ ഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനായാൽ ഗതാഗതം കൂടുതൽ സുഗമമാക്കാനും അപകടസാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. പ്രദേശവാസികളുടെ സഹകരണത്തോടെ തുടർനടപടികൾ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമീദ ഷരീഫ്, വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ അലി മൊയ്ദീൻ, ജോബിന ബെന്നി, ജസീല നൗഷാദ്, ജോബി എലിയാസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ എ.ഇ. വി. ഉഷസ്, അസിസ്റ്റന്റ് എൻജിനീയർ കെ. ഷാഹുൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
What do you feel about this post?

Like

Love

Happy

Haha

Sad











