പെരുമ്പാവൂർ: പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് കാഹളം മുഴക്കിക്കൊണ്ട് പെരുമ്പാവൂർ കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂൾ മാതൃകയാകുന്നു. കേവലം അക്കാദമിക് മികവിനപ്പുറം സാമൂഹിക പ്രതിബദ്ധതയും ധാർമ്മിക മൂല്യങ്ങളുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും അതോടൊപ്പം സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ലഹരിവിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചത്. ഓപ്പറേഷൻ തൂഫാന് പ്രതീകാത്മക പിന്തുണയറിയിച്ച് വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും ചേർന്ന് ബലൂണുകൾ വാനിലേക്ക് പറത്തിയാണ് തികച്ചും ആവേശകരവും അച്ചടക്കപൂർണ്ണവുമായ ഈ പടയൊരുക്കത്തിന് വിദ്യാലയ മുറ്റത്ത് തുടക്കം കുറിച്ചത്. തങ്ങളുടെ കാമ്പസിനെ പൂർണ്ണമായും ലഹരിമുക്ത സുരക്ഷിത മേഖലയാക്കി മാറ്റുമെന്ന ഉറച്ച പ്രഖ്യാപനമാണ് ചടങ്ങിലൂടെ വിദ്യാർത്ഥികൾ നടത്തിയത്.കെ.എം.ജെ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പെരുമ്പാവൂർ സബ്ബ് ഇൻസ്പെക്ടർ ആദർശ് മുഖ്യാതിഥിയായി പങ്കെടുത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലഹരി മാഫിയകൾക്കെതിരെയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും വിദ്യാർത്ഥികൾക്കിടയിൽ നിരന്തരമായ ജാഗ്രതയും അവബോധവും വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. തുടർന്ന് പുതിയ സ്കൂൾ പാർലമെന്റ് ലീഡർമാർക്കുള്ള ബാഡ്ജ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു. ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പെരുമ്പാവൂർ പോലീസിനുള്ള ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിന്റെ ആദരസൂചകമായ ഉപഹാരം സ്കൂൾ സെക്രട്ടറി ഷാഹുൽ സി.എ സബ്ബ് ഇൻസ്പെക്ടർക്ക് കൈമാറി. സ്കൂൾ മാനേജർ ഷഫീഖ് പത്തായനാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ എം.എം കബീർ സ്വാഗതം ആശംസിച്ചു. കെ.എം.ജെ സെക്രട്ടറി വി.എച്ച് മുഹമ്മദ്, ജമാഅത്ത് ട്രഷറർ അൻവർ മൊല്ല, വൈസ് പ്രസിഡന്റ് കെ.എ റഷീദ്, ജോയിന്റ് സെക്രട്ടറി എം.ഇ അസീസ്, പി.ടി.എ പ്രസിഡന്റ് ഷാനവാസ് പി.എ, എം.പി.ടി.എ ചെയർപേഴ്സൺ മൻസിയ ഇ.എം, വൈസ് പ്രസിഡന്റ് ഷമീർ കെ.എം എന്നിവർക്ക് പുറമെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
What do you feel about this post?

Like

Love

Happy

Haha

Sad











