പെരുമ്പാവൂർ: അനീതിയുടെ അത്താഴപ്പന്തലുകൾക്ക് തീപിടിപ്പിക്കുന്ന ഉഗ്രൻ നാടകാവിഷ്കാരവുമായി മമത നെല്ലിമോളം ഒരുങ്ങുന്നു. അടിച്ചമർത്തപ്പെട്ടവൻ്റെ ചോര കിനിയുന്ന പ്രതികാരത്തിന്റെ കഥ പറയുന്ന ‘പൂഞ്ചിരിക്കുന്നിലേക്കുള്ള വഴിയേത്’ എന്ന നാടകം ഓഗസ്റ്റ് 23-ന് രാത്രി 9 മണിക്ക് നെല്ലിമോളത്ത് രായമംഗലം പഞ്ചായത്ത് ഓഫിസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.കാടിൻ്റെ വന്യമായ നിശബ്ദതയിൽ, ആയുധക്കരുത്തിൽ അഹങ്കരിക്കുന്ന അധികാരിവർഗ്ഗത്തിനെതിരെ നിസ്സഹായരായ മനുഷ്യർ ആയുധമെടുക്കാൻ നിർബന്ധിതരാകുന്ന തീക്ഷ്ണ യാഥാർത്ഥ്യമാണ് നാടകം അനാവരണം ചെയ്യുന്നത്.
ഭൂവുടമയുടെ ധാർഷ്ട്യത്തിനും ക്രൂരതകൾക്കുമെതിരെ വിരൽചൂണ്ടിയ ഒരു ചെറുപ്പക്കാരനും ഭൂവുടമയുടെ ഭാര്യയും അതിദാരുണമായി കൊല്ലപ്പെടുന്നു. തുടർന്ന് അവിടെ നിന്നും പലായനം ചെയ്യുന്ന ജന്മിയെ തേടി, രക്തസാക്ഷിയായ യുവാവിൻ്റെ സുഹൃത്തും മകനും ജന്മിയുടെ മകളും കാട്ടിലെ ഒളിയിടങ്ങളിലേക്ക് നടത്തുന്ന വീറുറ്റ പ്രതികാരത്തിൻ്റെ തീപാറുന്ന പോരാട്ടമാണ് അരങ്ങിൽ വിസ്മയം തീർക്കുന്നത്.മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ വി.ടി. കൃഷ്ണകുമാറാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പി.എസ്. സുഭാഷ് കലാസംവിധാനവും പ്രകാശനിയന്ത്രണവും നിർവ്വഹിക്കുന്ന നാടകത്തിന് ശബ്ദനിയന്ത്രണം മഹാദേവനും സാങ്കേതിക സഹായം സുഭാഷ് എം.ജിയും ഒരുക്കുന്നു. രതീഷ് എം.എം., ചന്ദ്രൻ കെ.ടി., ബാബു കെ.എസ്. എന്നിവരാണ് പിന്നണി പ്രവർത്തകർ. അനിൽ എം.എസ്., നവീൻ മമത, എബി വർഗീസ് മമത, മാർട്ടിൻ തൃക്കളത്തൂർ, പ്രസാദ് എം.എസ്., സന്ദീപ് വാഴയിൽ, മായ രതീഷ്, ജിയ ജിനീഷ്, ശാന്തി പി.എസ്. എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. അധികാരത്തിൻ്റെ നെറികേടുകൾക്കെതിരെ തിളച്ചുമറിയുന്ന വിപ്ലവവീര്യവും, കണ്ണീരും പ്രതികാരവും ഇടകലരുന്ന തീവ്രമായ നാടകാനുഭവവും കാത്തിരിക്കുന്നവർക്ക് ഈ അരങ്ങേറ്റം നവ്യമായൊരു അനുഭവമായിരിക്കുമെന്ന് സംവിധായകൻ വി ടി കൃഷ്ണകുമാർ പറഞ്ഞു.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











