കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം ജനജീവിതം ദുസ്സഹമാക്കുന്നു. വാർഡ് 14ൽ ഉൾപ്പെടുന്ന പൂമല, തലപ്പുഞ്ച മേഖലകൾ പൂർണ്ണമായും അക്രമാസക്തരായ തെരുവുനായ്ക്കൂട്ടത്തിന്റെ താവളമായി മാറിയിരിക്കുകയാണ്. വിദ്യാർഥികളും കാൽനടയാത്രികരും ഇരുചക്രവാഹന യാത്രക്കാരും കടുത്ത ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. തെരുവുനായ്ക്കൾ കുറുകെ ചാടിയും ആക്രമിക്കാൻ ശ്രമിച്ചും വാഹനങ്ങൾ മറിഞ്ഞ് നിരവധി പേർക്കാണ് ഇതിനോടകം പരിക്കേറ്റത്. പൂമല, തലപ്പുഞ്ച പ്രദേശങ്ങളിലെ കർഷകരുടെ ഉപജീവനമാർഗ്ഗമായ പശുക്കൾ, ആടുകൾ, കോഴികൾ എന്നിവയെ നായ്ക്കൾ കൂട്ടമായി വന്ന് കടിച്ചുകീറുന്നത് മുൻകാലങ്ങളിലും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
പൂമല – ഓടക്കാലി, തലപ്പുഞ്ച – പൂമല, ഓടക്കാലി – തലപ്പുഞ്ച – മേതല കല്ലിൽ റോഡുകളിലും തലപ്പുഞ്ചയിലെ സ്വകാര്യ അരിമില്ലിന് പരിസരത്തുമാണ് നായ്ക്കളുടെ പ്രധാന വിഹാരകേന്ദ്രം. ലൈസൻസില്ലാതെ ചില സ്വകാര്യ വ്യക്തികളും മിൽ തൊഴിലാളികളും തീറ്റിപ്പോറ്റുന്ന നായ്ക്കളും നാട്ടുകാരുടെ സ്വൈരജീവിതത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മേതല ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്ക് നേരെ നിരവധി തവണയാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. തലപ്പുഞ്ച ട്രാൻസ്ഫോർമർ കവലയിൽ ബസിറങ്ങുന്ന കുട്ടികളെ ഭയം കാരണം രക്ഷിതാക്കൾ നേരിട്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ട ഗതികേടിലാണിപ്പോൾ. പ്രഭാത സവാരിക്കാർ, ജോലി കഴിഞ്ഞ് സന്ധ്യയോടെ മടങ്ങുന്ന സ്ത്രീകൾ, ആശുപത്രികളിലേക്കും വിവിധ സർക്കാർ ഓഫീസുകളിലേക്കും പോകുന്ന വയോധികർ ഉൾപ്പെടെയുള്ളവർ ജീവൻ പണയപ്പെടുത്തിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കല്ലിൽ ഭഗവതി ക്ഷേത്രം, തലപ്പുഞ്ച മഹാദേവ ക്ഷേത്രം, ഓടക്കാലി സെന്റ് മേരീസ് പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഞ്ചായത്ത് – വില്ലേജ് ഓഫീസുകൾ, കൃഷിഭവൻ, പ്രാഥമിക ആരോഗ്യകേന്ദ്രം, മൃഗാശുപത്രി തുടങ്ങി ജനങ്ങൾ നിത്യേന ആശ്രയിക്കുന്ന ഇടങ്ങളിലേക്കുള്ള പ്രധാന പാതകളെല്ലാം തെരുവുനായ്ക്കളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും നിരന്തരം ഭീഷണിയുയർത്തുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.

What do you feel about this post?

Like

Love

Happy

Haha

Sad











