പെരുമ്പാവൂർ: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം നിർമ്മാണം നിർത്തിവെച്ചിരുന്ന പെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു. വേണ്ടത്ര പഠനം നടത്താതെയാണ് ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചത്, കൾവെർട്ട് നിർമ്മാണവും ബൈപ്പാസ് റോഡിൻ്റെ സൈഡ് കരിങ്കൽ ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തുന്ന പ്രവർത്തികളുമാണ് ആരംഭിച്ചത്.ബലക്ഷയമുള്ള കളിമണ്ണ് നീക്കം ചെയ്യാതെ പദ്ധതി പ്രദേശത്തേയ്ക്ക് മണ്ണ് അടിച്ചത് മൂലം ഉണ്ടായ അപാകത പരിഹരിക്കുന്നതിന് വേണ്ടിയാണ് അധിക പ്രവർത്തികളും കൂടുതൽ ഫണ്ടും വേണ്ടി വന്നത്.പലതവണ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നു. വിഷയം കുരിയാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നതോടെയാണ് ഉദ്യോഗസ്ഥർ സമ്മതിച്ചത്.ബൈപ്പാസിനായി മണ്ണ് വൻതോതിൽ പാടശേഖരത്തേക്ക് മണ്ണ് അടിച്ചതിനാൽ ഉണ്ടായ വെള്ളക്കെട്ടിൻ്റെ പ്രശ്നം സ്ഥലം കൗൺസിലർ അഭിലാഷ് പുതിയേടത്തും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനൊന്നും പരിഹാരം ഉണ്ടാക്കാതെയാണ് നിർമ്മാണം ആരംഭിച്ചത്.ബൈപ്പാസ് റോഡിൻ്റെ ഇരുവശത്തും കാനകൾ നിർമിച്ച് വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കി വിടാനുള്ള സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുകയും സമീപവാസികൾ ദുരിതത്തിലാകുകയും ചെയ്യും.മനപ്പൂർവ്വം വീഴ്ച്ചകൾ വരുത്തി ബൈപ്പാസ് റോഡിൻ്റെ നിർമാണം തടസപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.മുൻപ് രൂപകൽപ്പനയിൽ വീഴ്ച്ച വരുത്തി കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തത് ദുരൂഹവും കരാറുകാർക്ക് അമിത ലാഭം ഉണ്ടാക്കുന്നതുമാണ്.











