പെരുമ്പാവൂര്‍: ‘ദക്ഷിണകാശി’ എന്ന പേരില്‍ അറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം 23-ന് അര്‍ദ്ധരാത്രി മുതല്‍ 24-ന് ഉച്ചക്ക് ഒന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമസ്‌കാരം, തിലഹവനം, ബലിതര്‍പ്പണാദികള്‍ എന്നിവ ഉണ്ടാകും. കര്‍ക്കിടക വാവിനോടനുബന്ധിച്ച് ദ്വാദശനാമപൂജ, മൃത്യുഞ്ജയഹോമം, തിലഹവനം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ പ്രത്യേകമായി നടത്തും. പിതൃമോക്ഷദായക ധ്യാനത്തിലുള്ള ശ്രീകൃഷ്ണസ്വാമിയുടേയും നരസിംഹമൂര്‍ത്തിയുടെയും പ്രതിഷ്ഠ കൊണ്ടും അപൂര്‍വമായി പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന പുണ്യനദിയുടെ സാന്നിധ്യം കൊണ്ടും ചേലാമറ്റം ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തുന്നത് കാശിക്ക് തുല്യമായിട്ടാണ് കണക്കാക്കുന്നത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. ആയിരത്തോളം പേര്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്തുവാന്‍ ക്ഷേത്ര പരിസരവും, പുഴക്കടവും പന്തല്‍കെട്ടി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര ഗ്രൗണ്ടുകളില്‍ പാര്‍ക്കിംഗ് സൗജന്യമാണ്. ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണങ്ങള്‍ക്കായി അനേകം പുരോഹിതന്മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ – അങ്കമാലി ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയുടെ സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകും. ഗതാഗത നിയന്ത്രണങ്ങള്‍ക്കായി കവലയില്‍ നിന്നും ക്ഷേത്രത്തിലെത്തി ഒക്കല്‍ കവല വരെയുള്ള റോഡില്‍ പൂര്‍ണമായും വണ്‍വേ സംവിധാനമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. ഭക്തര്‍ക്ക് ക്ഷേത്രം ട്രസ്റ്റിന്റെ വക പ്രഭാത ഭക്ഷണവും ഉച്ചക്ക് പ്രസാദ ഊട്ടും സൗജന്യമാണ്. സുരക്ഷയുടെ ഭാഗമായി കേരള ഫയര്‍ ഫോഴ്സ് പെരുമ്പാവൂര്‍ യൂണിറ്റ് സ്‌കൂബാ ടീം ഉള്‍പ്പടെ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സേവനം, ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ ക്ഷേത്രം ഗോകുലം കല്യാണമണ്ഡപത്തില്‍ ദേവസ്വം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിന് ട്രസ്റ്റ് 6,35,00,000/ (ആറ് കോടി മുപ്പത്തി അഞ്ചു ലക്ഷം) രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് വി.എച്ച്. ഹരിദാസ്, വൈ. പ്രസിഡന്റ് ടി.ആര്‍. ഉണ്ണികൃഷണന്‍, സെക്രട്ടറി സി. ഹരി, ജോ. സെക്രട്ടറി ശ്രുതിന്‍ ചന്ദ്രന്‍, ട്രഷറര്‍ സി.ആര്‍. ജയചന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ എസ്.എസ്. സതീഷ്‌കുമാര്‍, ടി.ബി. പ്രസാദ്, പി.എസ്. വേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ടി. രാജീവ് എന്നിവര്‍ പങ്കെടുത്തു.











