തൃക്കാക്കര: മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ 104 സ്വകാര്യ ബസുകൾ എൻഫോഴ്‌സ്‌മെൻ്റ് ആർ ടി ഒയുടെ നേതൃത്വത്തിൽ പിടികൂടി. ആറ് സ്‌ക്വാഡുകളായി തിരിഞ്ഞ് എം വി ഐ, എ എം വി ഐമാരുടെ നേതൃത്വത്തിൽ 130 സിറ്റി പെർമിറ്റ് ബസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇവയിൽ ഭൂരിഭാഗം ബസുകളിലും നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് പിഴയടയ്‌ക്കാൻ നോട്ടീസ് നൽകി. ബസുകൾ പെർമിറ്റ് എടുത്ത ആർ ടി ഓഫീസുകളിലേക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. പിഴ ചുമത്തപ്പെട്ട ബസുകളുടെ ഉടമകൾ ഈ ആർ ടി ഓഫീസുകളിലെ സർക്കിൾ ഓഫീസർമാർ മുമ്പാകെ ബസുകൾ ഹാജരാക്കി പിഴയടക്കണമെന്നാണ് ഉത്തരവ്. അനധികൃതമായി മ്യൂസിക്ക് സിസ്‌റ്റം ഘടിപ്പിച്ച ബസുകളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിച്ച ബസുകളും പരിശോധനയിൽ കുടുങ്ങി. ജീവനക്കാർ നെയിംബോർഡ് ധരിക്കാത്തതിലും പിഴ ചുമത്തി. ഡ്രൈവർ , കണ്ടക്‌ട്ടർ ലൈസൻസ് ഇല്ലാത്തവരെയും പിടികൂടി. ബസുകളുടെ ഫുട്‌ബോർഡുകളുടെ ഉയരം കൂട്ടി വച്ച ബസുടമകൾക്കെതിരെയും നടപടി എടുത്തു. അമിതവേഗത, സ്‌പീഡ് ഗവർണ്ണർ ഇല്ലാതെയുളള സർവീസ്, നിയമവിരുദ്ധമായ എയർ ഹോൺ എന്നിവയെല്ലാം ഇന്നലെ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം പരിശോധിച്ചു,. ബസുകൾ സർവീസ് അവസാനിപ്പിക്കുന്ന സമയമായതിനാൽ ഇന്നലെ രാത്രിയിലും വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടർന്നു. വരും ദിവസങ്ങളിലും ഇത്തരത്തിലുളള പരിശോധന നടത്തും.