പെരുമ്പാവൂർ: “നേരുന്നൂ… വന്ദ്യ സദസ്സിൻ സ്വാഗതമരുളി വരുന്നിതാ ഞങ്ങൾ… വരികയായി വരികയായി ഓപ്പറേഷൻ തൂഫാനുമായി…” ലഹരി മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പെരുമ്പാവൂരിന്റെ മണ്ണിൽ വേറിട്ടൊരു സ്വീകരണം. ആഘോഷവേളകളിൽ ആനന്ദം സമ്മാനിക്കുന്ന പരമ്പരാഗത കലാരൂപമായ കൈമുട്ട് പാട്ടിന്റെ അകമ്പടിയോടെയാണ് പെരുമ്പാവൂർ നിവാസികൾ മന്ത്രിയെ വരവേറ്റത്. പെരുമ്പാവൂരിലെ ഭായ് colony സന്ദർശിക്കാനെത്തിയ മന്ത്രിയെ, അതിഥി തൊഴിലാളികളുടെ ലഹരി വ്യാപനത്തിനെതിരെ കർശന നിലപാടെടുത്തതിലുള്ള നന്ദി സൂചകമായി കൈമുട്ട് പാട്ടിന്റെ താളത്തിനൊപ്പമാണ് പുരുഷാരം ആനയിച്ചത്. പാട്ടിനൊപ്പം കൈയടിച്ച് മന്ത്രിയും അവർക്കൊപ്പം നീങ്ങി.സാമൂഹ്യതിന്മകൾക്കെതിരെ കലാരൂപങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 1950-കളിൽ തുടക്കമിട്ട ഈ കലാരൂപം മന്ത്രിയെയും കാണികളെയും ഒരേപോലെ ആകർഷിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ കാമ്പെയ്‌നെക്കുറിച്ച് പ്രത്യേകമായി ഈരടികൾ തയാറാക്കിയാണ് കലാസംഘം ഇന്നലെ വേദിയിൽ ആലപിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് വല്ലം ഗ്രാമത്തിൽ പടർന്നുപിടിച്ച സാംസ്കാരിക വിപ്ലവത്തിന്റെ തുടർച്ചയായി, വർഷങ്ങൾക്കിപ്പുറവും സൗത്ത് വല്ലം ശറഫുൽ കസീദ കലാസമിതിയാണ് കൈമുട്ട് പാട്ടുമായി രംഗത്ത് സജീവമായിട്ടുള്ളത്.
1950-കളിൽ വൈക്കം ചെമ്പിനടുത്തുള്ള പൂത്തോട്ടയിൽ നിന്നും മതാധ്യാപകരായി വല്ലത്ത് എത്തിയ മുഹമ്മദ് കുഞ്ഞി മുസ്ലിയാരും സഹായി അബ്ദുൽ മജീദ് മുസ്ലിയാരുമാണ് ഈ കലാരൂപത്തിന് വല്ലത്ത് അടിത്തറയിട്ടത്. നിമിഷകവിയും പണ്ഡിതനുമായിരുന്ന മുഹമ്മദ് കുഞ്ഞി മുസ്ലിയാർ, മോയിൻകുട്ടി വൈദ്യരുടെ ബദർപാട്ടുകളും ഉറുദു കവിതകളും കോർത്തിണക്കി വല്ലത്തെ യുവാക്കളെ സംഘടിപ്പിച്ചാണ് ‘ശറഫുൽ കസീദ’ കൈമുട്ട് കലാസംഘത്തിന് രൂപം നൽകിയത്. അദ്ദേഹം രചിച്ച ‘പുരിയത് വല്ലം പതിയാവിൽ’, ‘ശുറുതി മികഴ്ന്തുള്ള വല്ലം പൂങ്കവനം തന്നിൽ വാഴും കിളി’ എന്നീ ഗാനങ്ങൾ ഇന്നും ഏറെ പ്രശസ്തമാണ്.പിൽക്കാലത്ത് ഇറ്റിക്കിനാലി ഇബ്രാഹിം, എംബി അബ്ദുൽ റഹിമാൻ (അന്ത്രുക്ക) എന്നിവരുടെ സ്വരമാധുരിയും കുരിക്കൾ ഉസ്താദിന്റെ അറബനമുട്ടും ഒത്തുചേർന്നതോടെ ഈ കലാസമിതി നാടൊട്ടുക്കും പ്രശസ്തമായി. മർഹൂം മുഹമ്മദ് മൊല്ല അരിയാറ്റിൽ ആയിരുന്നു ഇതിന്റെ പ്രധാന ചുക്കാൻ പിടിച്ചത്. പിന്നീട് വല്ലത്തെ വിവാഹ വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ആചാരമായി കൈമുട്ട് കല മാറി. അക്കാലത്താണ് പാറപ്പുറം വെട്ടത്ത് മുഹമ്മദ് സാഹിബ്, ബീരാൻ മാസ്റ്റർ എന്നിവരുടെ രചനയിൽ പിറന്ന ‘ഓളങ്ങൾ തല്ലിത്തകർത്തൊഴുകും പെരിയാറിന്റെ തീരത്ത്’ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി മാറിയത്.
ഏതാണ്ട് പത്തുവർഷം മുൻപുവരെ കെഎം അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ ‘വല്ലം ശറഫുൽ കസീദ’ എന്ന പേരിലും, മർഹൂം എംബി അബ്ദുൽ റഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ ‘റയോൺപുരം യുവജനവേദി’ എന്ന ബാനറിലും തൃശൂർ ആകാശവാണിയിലൂടെ ഈ കലാരൂപം അവതരിപ്പിച്ചിരുന്നു. പണ്ട് വസൂരി പടർന്നുപിടിച്ച കറുത്ത നാളുകളിൽ പ്രാർത്ഥനാ കവിതകൾ ആലപിച്ചുകൊണ്ട് അത്തിപ്പറ്റ മൊയ്തീൻകുട്ടി ഉസ്താദിന്റെ നേതൃത്വത്തിൽ രോഗീപരിചരണവും ഗൃഹസന്ദർശനവും നടത്തിയിരുന്നതും ഈ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അതേ സാംസ്കാരിക പാരമ്പര്യമുള്ള വല്ലത്തെ കൈമുട്ട് പാട്ടുകാരാണ് ഇപ്പോൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിനും പാട്ടിലൂടെ ഊർജ്ജം പകരുന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad











