പെരുമ്പാവൂർ: വായന പൂർണിമയും കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയും സംയുക്തമായി വായനാദിനത്തിൽ ആരംഭിച്ച ‘അക്ഷരോത്സവം 2026’ പുസ്തക വിതരണ പദ്ധതി ഇടുക്കി ജില്ലയിലേക്ക് പ്രവേശിച്ചു. ജില്ലയുടെ പ്രവേശനകവാടമായ തൊടുപുഴയിൽ സ്ഥിതി ചെയ്യുന്ന, കേരളത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഡയറ്റ് ലാബ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വായന പൂർണിമ കൺവീനർ നജീബ് പുത്തൻവീട്ടിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഗീതു ജി നായർക്ക് പുസ്തകശേഖരം കൈമാറി.
ഇടുക്കി ഡയറ്റിന്റെ ഭാഗമായ ഈ സ്കൂളിൽ അപൂർവ മരങ്ങളും ഔഷധച്ചെടികളും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യോദ്യാനം പ്രകൃതി നിരീക്ഷണ പരീക്ഷണശാലയായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സംരക്ഷിച്ചുപോരുന്നുണ്ട്. വായന എല്ലാവരും ഒരു ശീലമാക്കണമെന്ന് ചീഫ് കോ-ഓർഡിനേറ്റർ ഇ വി നാരായണൻ വായനാസന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. പി ടി എ പ്രസിഡന്റ് സജൽ മോൻ, വൈസ് പ്രസിഡന്റ് ഫാത്തിമ നിയാസ്, എസ് എം സി ചെയർപേഴ്സൺ സുധ ഗണേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad






