പെരുമ്പാവൂരിന്റെ വികസനക്കുതിപ്പിന് നൂറിലേറെ ജനകീയ പദ്ധതികൾ; ‘വിഷൻ കോൺക്ലേവ്’ മാറ്റത്തിന്റെ വഴിത്താരയാകും: മനോജ് മൂത്തേടൻ എം.എൽ.എ

പെരുമ്പാവൂർ: വരുംദശകങ്ങളിലെ പെരുമ്പാവൂരിന്റെ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകി ‘വിഷൻ പെരുമ്പാവൂർ കോൺക്ലേവ്’. വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, ജനപ്രതിനിധികൾ, വിദഗ്ധർ എന്നിവർ പങ്കെടുത്ത ജനകീയ കൂട്ടായ്മയിൽ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറിലേറെ പ്രധാന നിർദേശങ്ങളാണ് ഉയർന്നുവന്നത്. കോൺക്ലേവ് ചാലക്കുടി എം.പി. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു.വിഷൻ കോൺക്ലേവിൽ ഉയർന്നുവന്ന ആവശ്യങ്ങളെല്ലാം ക്രോഡീകരിച്ച് ഹ്രസ്വകാല, ദീർഘകാല പദ്ധതികളായി തിരിച്ച് മുൻഗണനാ ക്രമത്തിൽ നടപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മനോജ് മൂത്തേടൻ എം.എൽ.എ. പറഞ്ഞു. ഉയർന്ന നിർദേശങ്ങളിൽ 70 മുതൽ 80 ശതമാനം വരെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്നവയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട വലിയ പദ്ധതികൾക്ക് ഡി.പി.ആർ. (വിശദമായ പദ്ധതിരേഖ), എസ്റ്റിമേറ്റ്, സർക്കാർ അനുമതി എന്നിവ ഉറപ്പാക്കി ഘട്ടംഘട്ടമായി യാഥാർഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺക്ലേവിൽ വിവിധ മേഖലകളിലായി ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം

പെരുമ്പാവൂരിലെ ഏറ്റവും വലിയ പ്രതിസന്ധിയായ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള നിർദേശങ്ങൾക്കാണ് കോൺക്ലേവിൽ മുൻഗണന ലഭിച്ചത്. വാഹനങ്ങൾ ടൗണിലേക്ക് പ്രവേശിക്കാതെ തിരിച്ചുവിടാൻ കീഴില്ലം-കുറിച്ചിലക്കോട് റോഡും, മണ്ണൂർ-പോഞ്ഞാശ്ശേരി റോഡും അടിയന്തരമായി നവീകരിക്കും. നഗരത്തിനുള്ളിലെ ചെറുറോഡുകൾ സുഗമമായ സഞ്ചാരത്തിന് യോഗ്യമാക്കാനും നിർദേശമുണ്ട്. കൂടാതെ, കുറുപ്പംപടി ബൈപ്പാസ് യാഥാർഥ്യമാക്കുക, എം.സി. റോഡ് നാലുവരിപ്പാതയാക്കുക, ഫ്ലൈ ഓവർ നിർമാണത്തിന് വേഗം കൂട്ടുക, പ്രധാന റോഡുകളിൽ ബസ് ബേകളും നവീകരിച്ച ബസ് സ്റ്റോപ്പുകളും നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. കെ.എസ്.ആർ.ടി.സി.യിൽ കണ്ടക്ടർമാരുടെ ഒഴിവുകൾ നികത്തി ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനും ആവശ്യമുയർന്നു.

ഊർജ്ജമേഖലയ്ക്ക് പുത്തൻ ഉണർവ്

മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പാണിയേലി പോര് ജലവൈദ്യുത പദ്ധതി യാഥാർഥ്യമാക്കണമെന്ന നിർദേശം കോൺക്ലേവ് മുന്നോട്ടുവെച്ചു. കെ.എസ്.ഇ.ബി.ക്ക് കുറുപ്പംപടിയിലും ചെമ്പറക്കിയിലും പുതിയ സെക്ഷനുകൾ ആരംഭിക്കുക, കീഴില്ലം 110 കെ.വി. സബ് സ്റ്റേഷന്റെ നിർമ്മാണം വേഗത്തിലാക്കുക, വെങ്ങോല സബ് സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുക, ഓടക്കാലി കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി. സ്റ്റോർ സ്ഥാപിക്കുക എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.

ക്രമസമാധാനവും പൊതുസുരക്ഷയും

വ്യാവസായിക മേഖലയായ പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ വലിയ സാന്നിധ്യം കണക്കിലെടുത്ത് പ്രത്യേക പോലീസ് സ്റ്റേഷനും ഒക്കലിൽ പുതിയ പോലീസ് സ്റ്റേഷനും സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നു. ട്രാഫിക് പോലീസുകാരുടെ എണ്ണം വർധിപ്പിക്കുക, കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, കുറുപ്പംപടിയിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കുക എന്നിവയാണ് സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ.

പരിസ്ഥിതിയും ഹരിത ടൂറിസവും

പെരിയാർ മലിനീകരണം തടയുന്നതിനൊപ്പം ജലസ്രോതസ്സുകളുടെ ശാസ്ത്രീയ പഠനവും നടത്തും. വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഏകീകൃത മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. ടൂറിസം വികസനത്തിന്റെ ഭാഗമായി മുടക്കുഴ പെട്ടമലയും കീഴില്ലം മണിപ്പാറയും സംരക്ഷിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. പെട്ടമലയിലെ പാറമടകളിലെ ജലം പ്രയോജനപ്പെടുത്തി വൻകിട കുടിവെള്ള പദ്ധതി നടപ്പാക്കാനും നിർദേശമുണ്ട്.

സാമൂഹിക ക്ഷേമവും മറ്റ് നിർദേശങ്ങളും

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി പ്രത്യേക വിദ്യാഭ്യാസ സൗകര്യങ്ങൾ, സ്മാർട്ട് അങ്കണവാടികൾ, തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവയും കോൺക്ലേവ് ചർച്ച ചെയ്തു. ആറുമാസത്തിലൊരിക്കൽ ജനകീയ അദാലത്ത് നടത്തും. ഫയർഫോഴ്സിന് ജലലഭ്യത ഉറപ്പാക്കാൻ പ്രത്യേക വാട്ടർ പോയിന്റുകൾ അനുവദിക്കും. അവശ കലാകാരന്മാർക്കായി പ്രത്യേക ക്ഷേമപദ്ധതിയും എല്ലാ മാസവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.

ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, ടൂറിസം, പൊതുഗതാഗതം, സാമൂഹിക സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലെയും നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മനോജ് മൂത്തേടൻ എം.എൽ.എ. ഉറപ്പുനൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top