വല്ലം-ചൂണ്ടിയിലെ പ്ലൈവുഡ് കമ്പനിക്കെതിരെ ജനകീയ ധർണ്ണ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഉടമ

പെരുമ്പാവൂർ: വല്ലം-ചൂണ്ടിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ വല്ലം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 16ന്‌ ഒക്കൽ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തും. അതേസമയം, സമരസമിതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്തിന്റെ നടപടികൾക്കെതിരെ നിലവിൽ ട്രൈബ്യൂണലിന്റെ സ്റ്റേ ഉണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ജനവാസ മേഖലയിൽ യാതൊരുവിധ അനുമതികളുമില്ലാതെയാണ് ‘ആശീർവാദ് പ്ലൈവുഡ്’ എന്ന സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബിൽഡിംഗ് പെർമിറ്റ്, പഞ്ചായത്ത് ലൈസൻസ്, ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് തുടങ്ങിയ രേഖകളില്ലാത്ത കമ്പനിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി സീൽ ചെയ്തിട്ടും പ്രവർത്തനം തുടരുകയാണ്. ഇതിനെതിരെ ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുകയാണ്. പത്ത് ടണ്ണിൽ കൂടുതൽ ഭാരമേറിയ വാഹനങ്ങൾക്ക് യാത്രാനിരോധനമുള്ള റോഡിലൂടെ നാൽപ്പത് ടണ്ണോളം ഭാരമുള്ള വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാണെന്നും കമ്പനിയുടെ പ്രവർത്തനം നിർത്തലാക്കാൻ അധികൃതർ അടിയന്തരമായി തയ്യാറാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജനകീയ സമര സമിതി ചെയർമാൻ അഡ്വ. രമേശ് ചന്ദ്, കൺവീനർ വി.ഇ. റഹിം, വൈസ് ചെയർമാൻ ഉമ്മർ ചെന്താര, സിദ്ദിഖ് പുളിയാമ്പിള്ളി, പി.ബി. മുഹമ്മദാലി, സി.എ. അലി, യു.ബി. ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.എന്നാൽ, കമ്പനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഉടമ ബിസ്മി നിഷാദ് മറ്റൊരു വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. സ്ഥാപനം പ്രവർത്തിക്കുന്നത് ജനവാസ മേഖലയിലല്ല. ലൈസൻസ് റദ്ദാക്കി നിർമ്മാണം പൊളിച്ചുനീക്കാനുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ തിരുവനന്തപുരം എൽ.എസ്.ജി.ഡി ട്രൈബ്യൂണലിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ അന്തിമ വിധി വരുന്നതുവരെ പഞ്ചായത്ത് ഉത്തരവുകൾക്ക് ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് മൂന്നിന് ഹിയറിംഗ് നടക്കുമെന്നും അവർ വ്യക്തമാക്കി. നിയമപരമായ എല്ലാ രേഖകളോടെയുമാണ് നിലവിൽ കമ്പനി പ്രവർത്തിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. മാനേജർ എ.പി. സനൂപ്, അഡ്വ. എൻ.എസ്. രേഖ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top