പെരുമ്പാവൂർ: എം.സി റോഡിൽ താന്നിപ്പുഴയിൽ അറ്റകുറ്റപ്പണികൾക്കായി കാനയിൽ നിന്നും കോരിയിട്ട മാലിന്യങ്ങൾ റോഡിൽ ഉപേക്ഷിച്ചത് നാട്ടുകാർക്ക് കടുത്ത ദുരിതമാകുന്നു. നിത്യേന ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന താന്നിപ്പുഴയിൽ, കാനയുടെ മുകളിലുള്ള സ്ലാബുകൾ മാറ്റിയ ശേഷം ചെളിയും മാലിന്യവും തിരക്കേറിയ റോഡിലേക്ക് തന്നെയാണ് കരാറുകാരൻ വാരിയിട്ടിരിക്കുന്നത്. ഇതോടെ കാൽനടയാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.ദേവാലയങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവർക്ക് മൂക്കുപൊത്താതെയും ചെളിയിൽ ചവിട്ടാതെയും ഇതുവഴി കടന്നുപോകാനാകില്ല. ഗതാഗതക്കുരുക്കിൽ പെട്ട് വാഹനങ്ങൾ നിർത്തുമ്പോൾ ബൈക്ക് യാത്രക്കാരുടെ കാലുകൾ ഈ ചെളിയിൽ താഴ്ന്നുപോകുന്ന ഗതികേടാണുള്ളത്.കാനയിലെ ചെളി പൂർണ്ണമായും നീക്കം ചെയ്ത് തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് പി.ഡബ്ല്യു.ഡി മെയിന്റനൻസ് വിഭാഗം പദ്ധതിയിട്ടിരുന്നത്. എന്നാൽ, പെട്ടെന്നെത്തിയ മഴ കാരണം പാതിവഴിയിൽ പണി നിർത്തിവെയ്ക്കേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.അതേസമയം, കാനയിൽ നിന്ന് നീക്കുന്ന മാലിന്യം തള്ളുന്നതിന് കരാറുകാരന് പ്രത്യേക സ്ഥലം ഒരുക്കിക്കൊടുത്തിരുന്നതായി വാർഡ് മെമ്പർ ടി.പി. ഷിബു പറഞ്ഞു. എന്നാൽ ഇതവഗണിച്ച് കരാറുകാരൻ മാലിന്യം തിരക്കേറിയ എം.സി റോഡിൽ തന്നെ വാരിയിടുകയായിരുന്നു. ഈ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടി മനോജ് മൂത്തേടൻ എം.എൽ.എയുടെ ഓഫീസിൽ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.മഴ കനക്കുന്നതോടെ റോഡിലെ മാലിന്യം പരന്നൊഴുകി കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തുറന്നുകിടക്കുന്ന കാനയും റോഡിലെ ചെളിയും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What do you feel about this post?

Like

Love

Happy

Haha

Sad











