പെരുമ്പാവൂർ: വ്യവസായ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രധാന ആശ്രയകേന്ദ്രമായ പെരുമ്പാവൂർ ഇ.എസ്.ഐ ഡിസ്പെൻസറി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി ഗുണഭോക്താക്കൾ. കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ, ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ഒഴിവുകൾ, മരുന്ന് ലഭ്യതയിലെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ മൂലം സ്ഥാപനത്തിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗുണഭോക്താക്കളും തൊഴിലാളി സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിക്കും ഇ.എസ്.ഐ കോർപ്പറേഷനും നിവേദനം നൽകിയിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂർ,രായമംഗലം, കൂവപ്പടി, വെങ്ങോല, ഒക്കൽ, അശമന്നൂർ, വാഴക്കുളം, കുന്നത്തുനാട് മേഖലയിലായി പ്രവർത്തിക്കുന്ന നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വർഷങ്ങളായി നിർണായക പങ്കാണ് പെരുമ്പാവൂർ ഇ.എസ്.ഐ ഡിസ്പെൻസറി വഹിക്കുന്നത്. എന്നാൽ കാലക്രമേണ വർധിച്ച ഗുണഭോക്തൃസംഖ്യയ്ക്ക് അനുസൃതമായി സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഉയരുന്ന വിമർശനം.ഡിസ്പെൻസറിയുടെ നിലവിലെ കെട്ടിടത്തിന്റെ അവസ്ഥയാണ് രോഗികളിൽ ഏറ്റവും വലിയ ആശങ്ക സൃഷ്ടിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും മഴക്കാലത്ത് ചോർച്ച രൂക്ഷമാണ്. മഴവെളളം നനഞ്ഞാണ് ഡോക്ടർമാരും ജീവനക്കാരും ഇവിടെ രോഗികളെ പരിശോധിക്കുന്നത്.ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും സമഗ്രമായ നവീകരണം നടന്നിട്ടില്ലെന്നാണ് ആരോപണം. ആരോഗ്യസേവനം ലഭിക്കാനായി ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന കെട്ടിടം സുരക്ഷിതമാണോ എന്ന ആശങ്ക രോഗികൾക്കും ജീവനക്കാർക്കമുണ്ട്. കെട്ടിടത്തിന് ചുറ്റുമുള്ള വൻമരങ്ങളും അപകടഭീഷണി ഉയർത്തുന്നു. കാലപ്പഴക്കം ചെന്ന ചില മരങ്ങൾ ശക്തമായ കാറ്റിലും മഴയിലും കടപുഴകാൻ സാധ്യതയുണ്ടെന്ന് ഇവിടെയെത്തുന്ന രോഗികൾ പറയുന്നുണ്ട്. മഴക്കാലത്ത് ഈ ഭീഷണി കൂടുതൽ ശക്തമാകുന്നുണ്ടെന്നും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സ്ഥിരപരിഹാരം ഉണ്ടായിട്ടില്ലെന്നുമാണ് പരാതി.അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനൊപ്പം ജീവനക്കാരുടെ ക്ഷാമവും സേവനത്തെ സാരമായി ബാധിക്കുന്ന ഇവിടം മെഡിക്കൽ ഓഫീസർമാർ, ഫാർമസിസ്റ്റുകൾ, നഴ്സിംഗ് വിഭാഗം ജീവനക്കാർ എന്നിവരടക്കമുള്ള പ്രധാന തസ്തികകളിൽ ഒഴിഞ്ഞു കിടക്കുകയാണ്. രോഗികളുടെ എണ്ണം വർധിച്ചിട്ടും ആവശ്യമായ നിയമനങ്ങൾ നടക്കാത്തത് ചികിത്സാ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ഡിസ്പെൻസറിയിൽ എത്തുന്നത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകൾ ഈ സ്ഥാപനത്തെ ആശ്രയിച്ചാണ് ചികിത്സ നേടുന്നത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് കാത്തിരിപ്പ് സമയം കൂടുന്നതായും പരിശോധനകൾക്ക് വൈകുന്നതായും പരാതിയുണ്ട്. ഒരു ഡോക്ടർക്ക് കൈകാര്യം ചെയ്യേണ്ട രോഗികളുടെ എണ്ണം അമിതമായി വർധിക്കുന്നതും സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി ആരോഗ്യരംഗവുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.ഫാർമസി സേവനങ്ങളിലും ഗുണഭോക്താക്കൾ അതൃപ്തി രേഖപ്പെടുത്തുന്നു. മരുന്ന് വിതരണം സംബന്ധിച്ച സൗകര്യങ്ങൾ പരിമിതമായതിനാൽ പലപ്പോഴും രോഗികൾക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ടിവരുന്ന സാഹചര്യമുണ്ടെന്നാണ് പരാതി. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ചികിത്സ തേടി എത്തുന്ന തൊഴിലാളികൾക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കാതെ മടങ്ങേണ്ടി വരുന്നതായും അവർ പറയുന്നു. സാധാരണ തൊഴിലാളികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന അവസ്ഥയാണിത്. പെരുമ്പാവൂർ മേഖലയിൽ ഇ.എസ്.ഐ ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. നിലവിൽ കിടത്തിച്ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടിവരുന്നു. ഇതുമൂലം ചികിത്സയിൽ കാലതാമസം നേരിടുന്നതായും പലർക്കും അധിക യാത്രാചെലവും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതായും ഗുണഭോക്താക്കൾ പറയുന്നു.പെരുമ്പാവൂരിൽ തന്നെ ആശുപത്രി നിർമ്മിക്കാൻ ആവശ്യമായ ഭൂമി ലഭ്യമാണെന്ന വാദവും ഗുണഭോക്താക്കൾ മുന്നോട്ടുവയ്ക്കുന്നു. വർഷങ്ങൾക്കുമുമ്പ് ആശുപത്രി നിർമ്മാണത്തിനായി ഭൂമി കണ്ടെത്തിയെങ്കിലും പദ്ധതി മുന്നോട്ട് പോയില്ലെന്നാണ് അവർ പറയുന്നത്. അതേസമയം ഗുണഭോക്താക്കളുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് ചികിത്സാ സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.കിഴക്കൻ മേഖലയിലെ തൊഴിലാളികൾക്കാണ് നിലവിലെ സാഹചര്യം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ഉദ്യോഗമണ്ഡൽ, കളമശേരി, എറണാകുളം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് പോകേണ്ടിവരുന്നു. ഗതാഗതക്കുരുക്കും ദൂരവും കാരണം ചികിത്സ ലഭിക്കാൻ വൈകുന്നതായും ചിലർ ആരോപിക്കുന്നു. സമയബന്ധിത ചികിത്സ ലഭ്യമാകേണ്ട സാഹചര്യങ്ങളിൽ ഈ കാലതാമസം രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.ഇ.എസ്.ഐ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നിലവാരമുള്ള ആരോഗ്യസേവനം ഉറപ്പാക്കുക എന്നതാണ്. തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും വിഹിതം ഈടാക്കിയാണ് പദ്ധതി പ്രവർത്തിക്കുന്നത്. അതിനാൽ ഗുണഭോക്താക്കൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു. സേവന നിലവാരം മെച്ചപ്പെടുത്താൻ ഇ.എസ്.ഐ കോർപ്പറേഷൻ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും ആവശ്യമുയരുകയാണ്.മരുന്നുകളുടെ ലഭ്യത സംബന്ധിച്ച പരാതികളും വ്യാപകമാണ്. ചില മരുന്നുകൾ സ്ഥിരമായി ലഭ്യമല്ലെന്നും രോഗികൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ടെന്നുമാണ് ആരോപണം. ചികിത്സാചെലവുകളുടെ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സങ്കീർണമാണെന്നും പണം ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടെന്നും ഗുണഭോക്താക്കൾ പറയുന്നു.പെരുമ്പാവൂർ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി തൊഴിലാളി സംഘടനകളും സാമൂഹിക സംഘടനകളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. സുരക്ഷാ പരിശോധന നടത്തി കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തണമെന്നും ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് അടിയന്തര നിയമന നടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.ഗുണഭോക്താക്കൾ മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പിനും ഇ.എസ്.ഐ കോർപ്പറേഷനും സമർപ്പിച്ച നിവേദനത്തിൽ നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുക, അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ ശാസ്ത്രീയമായി പരിപാലിക്കുകയോ ചെയ്യുക, ഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും ഒഴിവുകൾ ഉടൻ നികത്തുക, മരുന്ന് ലഭ്യത ഉറപ്പാക്കുക, ഫാർമസി പ്രവർത്തനസമയം പുനഃക്രമീകരിക്കുക, കിടത്തിച്ചികിത്സാ സൗകര്യങ്ങളുള്ള സമ്പൂർണ ആശുപത്രി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നത്. വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ വികസന നയങ്ങളുടെ ഭാഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടാതെ വ്യവസായ പുരോഗതി മാത്രം ലക്ഷ്യമിടുന്നത് പ്രായോഗികമല്ലെന്നാണ് അവരുടെ വിലയിരുത്തൽ. പെരുമ്പാവൂർ പോലുള്ള അതിവേഗം വളരുന്ന വ്യവസായ മേഖലകളിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ കാലാനുസൃതമായി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെടുന്നു.ഇതിനിടെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ഗുണഭോക്തൃ കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യസേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ആശുപത്രി സ്ഥാപനം സംബന്ധിച്ച തീരുമാനങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്യണമെന്നാണ് അവരുടെ ആവശ്യം. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











