പെരുമ്പാവൂർ: മണ്ണൂർ – പൊഞ്ഞാശ്ശേരി റോഡ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.3.30 കോടി രൂപ ചെലവിൽ വെങ്ങോല ജംഗ്ഷൻ മുതൽ വാരിക്കാട് വരെയാണ് റോഡ് പുനർനിർമ്മിക്കുന്നത്. ബിഎംബിസി നിലവാരത്തിലുള്ള ടാറിംഗിന് പുറമെ തിരഞ്ഞെടുത്ത ഇടങ്ങളിൽ ടൈൽ വിരിച്ചും റോഡ് നവീകരിക്കും. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ ശക്തമായ ഫൗണ്ടേഷനോടു കൂടിയാണ് നിർമ്മാണം. നിലവിലെ പ്രതലം നീക്കം ചെയ്ത് സബ് ഗ്രേഡ്, ഗ്രാനുലാർ, വെറ്റ് മിക്സ് എന്നിങ്ങനെ മൂന്ന് ലെയറുകളിലായി റോഡ് ദൃഢപ്പെടുത്തിയ ശേഷമായിരിക്കും ടാറിംഗ് നടത്തുക.നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കിഫ്ബി സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് റോഡിന്റെ ലെവൽ പരിശോധന പൂർത്തിയാക്കി. ഇതിന് ചീഫ് പ്രോജക്ട് എക്സാമിനർ അംഗീകാരം നൽകുന്നതോടെ പൂർണ്ണതോതിലുള്ള പണികൾ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. കിഫ്ബി പ്രോജക്ട് എഞ്ചിനീയർ അരുൺ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമിത ഷെരീഫ്, പഞ്ചായത്ത് അംഗം ജോബി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here