പെരുമ്പാവൂർ
കുറിച്ചിലക്കോട് ജങ്ഷനിൽ റോഡിന് വീതികൂട്ടാൻ കാന മണ്ണിട്ടുമൂടിയ സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രധാന ജങ്ഷനിലെ മഴവെള്ളം ഒഴുകിപ്പോകുന്ന കാനയാണ് മണ്ണിട്ട് മൂടിയത്. കഴിഞ്ഞവർഷം കോടനാട് സെന്റ ആന്റണി പള്ളിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകർ, സ്ഥാപനങ്ങൾ കൈയേറിയ സ്ഥാപന ഉടമകൾ, ജനപ്രതിനിധികൾ, റവന്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത് യോഗം ചേർന്നിരുന്നു. പുറമ്പോക്ക് കണ്ടെത്തി ഒഴിപ്പിച്ച് റോഡിന് വീതികൂട്ടാമെന്നായിരുന്നു ധാരണ. വില്ലേജിൽനിന്ന് അളന്ന് പുറമ്പോക്ക് കണ്ടെത്തി എംഎൽഎയെ അറിയിച്ചെങ്കിലും ഒഴിപ്പിക്കാൻ തയ്യാറായില്ല. പള്ളി സ്ഥലം വിട്ടുകൊടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എംഎൽഎ ഉൾപ്പെടെ മൂന്നു കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരമാണ് അവധിദിവസം നോക്കി കാന നികത്താൻ തീരുമാനിച്ചത്. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായപ്പോഴാണ് എംഎൽഎ ന്യായീകരണവുമായി രംഗത്തെത്തിയത്. മയൂരപുരം മുതലുള്ള മഴവെള്ളവും മലിനജലവും ഒഴുകുന്ന കാന നികത്തിയാൽ കുറിച്ചിലക്കോട്–കുറുപ്പംപടി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാവും. കാനയുടെ ഏതാനും ഭാഗം മണ്ണിട്ട് നികത്തിയതിനാൽ കാനയിൽ മലിനജലം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. കാന ബലപ്പെടുത്തി ഉറപ്പുള്ള സ്ലാബിടുന്നതിനുപകരം നികത്താനുള്ള നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. കാനയിൽ നിറച്ച മണ്ണ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ലോക്കൽ സെക്രട്ടറി പി ശിവൻ പൊതുമരാമത്ത് മന്ത്രിക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.











