പെരുമ്പാവൂർ
പട്ടണത്തിൽ ഞായറാഴ്ച അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് നടത്തുന്ന അനധികൃത വഴിയോരക്കച്ചവടം നാട്ടുകാർക്ക് ഭീഷണിയാകുന്നു. പച്ചക്കറിമുതൽ ചായ തട്ടുവരെ നിരത്തി കച്ചവടം നടത്തുന്നതിനുപിന്നിൽ ലഹരിവിൽപ്പനസംഘമാണെന്നാണ് പരാതി. എംഡിഎംഎ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെ മാരക ലഹരിവിൽപ്പനയാണ് തെരുവുകച്ചവടത്തിന്റെ പിന്നിൽ നടക്കുന്നത്. പിപി റോഡിലും ബസ്‌സ്‌റ്റാൻഡ് റോഡിലും ലഹരിമാഫിയ സംഘങ്ങൾ അതിഥിത്തൊഴിലാളികളെ ഉപയോഗിച്ചാണ് കച്ചവടം നടത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ കമ്പനികളിലെ തൊഴിലാളികൾ ഞായറാഴ്ച പെരുമ്പാവൂരിലാണ് ഒത്തുചേരുന്നത്. അവരെ ലക്ഷ്യമിട്ടാണ് അനധികൃതക്കച്ചവടവും ലഹരിവിൽപ്പനയും. നഗരസഭ 143 പേർക്കാണ് വഴിയോരക്കച്ചവടത്തിന് ലൈസൻസ് നൽകിയിരിക്കുന്നത്. എന്നാൽ, 700ൽപ്പരം പേർ ഞായറാഴ്ച അനധികൃത കച്ചവടത്തിനെത്തുന്നുണ്ട്. ലക്കി തിയറ്റർ ജങ്ഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ ഷോപ്പിങ് കോംപ്ലക്സുകളിലും വഴിയോരങ്ങളിലും അനധികൃത കച്ചവടമാണ് നടക്കുന്നത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. സിഐടിയു ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എം സലിം, ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ട്രഷറർ വി പി ഖാദർ, കൗൺസിലർ പി എസ് അഭിലാഷ്, യൂണിയൻ പ്രസിഡന്റ് സി വി ജിന്ന, സെക്രട്ടറി എം പി അബ്ദുൽ കരീം, ആർ കെ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.











