പെരുമ്പാവൂര്‍ ആര് ഭരിക്കും? പ്രചരണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

പെരുമ്പാവൂര്‍: പ്രമുഖര്‍ ഭരണചക്രം തിരിച്ച നഗരസഭയില്‍ ഇത്തവണ ആര് അധികാരിത്തിലേറുമെന്ന് ഉറ്റുനോക്കുകയാണ് വോട്ടര്‍മാര്‍. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മാറിമാറി അധികാരത്തിലേറുന്ന പാരമ്പര്യമാണ് ഇവിടെ. നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഇത്തവണ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി. പ്രമുഖരായ പലരും അധ്യക്ഷ സ്ഥാനത്തിരുന്ന ചരിത്രമുള്ള നഗരസഭയാണിത്. അതുകൊണ്ടുതന്നെ ഇവിടത്തെ മത്സരവും മുന്നേറ്റവും ജില്ലയില്‍ തന്നെ ശ്രദ്ധിക്കപ്പെടും. 1953ലാണ് അഡ്വ. കെ. ഹരിഹരയ്യര്‍ ചെയര്‍മാനായി ആദ്യ മുനിസിപ്പല്‍ കൗണ്‍സില്‍ അധികാരത്തിലേറിയത്.

മുന്‍ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്ന അന്തരിച്ച പി.പി. തങ്കച്ചന്റെ രാഷ്ടീയ ജീവിതത്തിലെ പദവികളുടെ തുടക്കമായിരുന്നു 1968 മുതല്‍ 79 വരെയുള്ള അധ്യക്ഷ സ്ഥാനം. പരേതരായ എന്‍.എസ്. മണി, കെ.എന്‍.ജി. കര്‍ത്ത, ഡോ. കെ.എ. ഭാസ്‌കരന്‍, ടി.പി. ഹസന്‍ തുടങ്ങിയവരും അഡ്വ. എന്‍.സി. മോഹനന്‍, കെ.എം.എ. സലാം, ഡോ. ഫാത്തിമ ബീവി, ഐഷ ടീച്ചര്‍, മിനി ജോഷി, സതി ജയകൃഷ്ണന്‍, ടി.എം. സക്കീര്‍ ഹുസൈന്‍, ബിജുജോണ്‍ ജേക്കബ് എന്നിവരും മുന്‍ അധ്യക്ഷരാണ്. കോണ്‍ഗ്രസിലെ യുവ മുഖം പോള്‍ പാത്തിക്കലാണ് നിലവില്‍ ചെയര്‍മാന്‍. നിലവില്‍ 27 വാര്‍ഡുകളായിരുന്നത് വര്‍ധിച്ച് 29 ആയി. കഴിഞ്ഞ കൗണ്‍സിലില്‍ മൂന്ന് ചെയര്‍മാന്‍മാരും നാല് വൈസ് ചെയര്‍പേഴ്സന്‍മാരും മാറിമാറി വന്നത് നഗരസഭയുടെ ഭരണത്തെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഈ പ്രവണതയില്‍ ആളുകള്‍ അസംതൃപ്തരാണ്. ഒരാള്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പിന്നീട് വരുന്നവര്‍ ചെയ്യുന്നില്ലെന്ന ആക്ഷേപം പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ലീഗ്, കേരള കോണ്‍ഗ്രസ് (ജോസഫ്), സ്വതന്ത്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ യു.ഡി.എഫ് മുന്നണി. 24 വാര്‍ഡുകളില്‍ കോണ്‍ഗ്രസും, രണ്ട് വാര്‍ഡുകളില്‍ ലീഗും, ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസും, മൂന്ന് വാര്‍ഡുകളില്‍ യു.ഡി.എഫ് സ്വതന്ത്രരും മത്സരിക്കുന്നു. സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം), സ്വതന്ത്രര്‍ അടങ്ങുന്നതാണ് എല്‍.ഡി.എഫ് മുന്നണി. 22 വാര്‍ഡുകളില്‍ സി.പി.എമ്മും, ആറ് വാര്‍ഡുകളില്‍ സി.പി.ഐയും, ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസും (എം) മത്സരിക്കുന്നു 2015ല്‍ മൂന്ന് കൗണ്‍സിലമാരുണ്ടായിരുന്ന ബി.ജെ.പിക്ക് നിലവില്‍ നാല് അംഗങ്ങളുണ്ട്. കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് എന്‍.ഡി.എ മുന്നണിയായി 27 വാര്‍ഡുകളില്‍ അവരും, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ സ്വതന്ത്രരായി ഒരോ വാര്‍ഡുകളിലും മത്സരിക്കുന്നു. ഭരണം തങ്ങള്‍ക്കെന്ന് ഇരുമുന്നണികളും അവകാശപ്പെടുമ്പോള്‍ അതിനനുസരിച്ചുള്ള മത്സരമാണ് മിക്ക വാര്‍ഡുകളിലും നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണം പരാജയമായിരുന്നു എന്ന വാദമുയരുമ്പോള്‍ പ്രതിപക്ഷത്തിരുന്നവരുടെ പ്രതികരണമില്ലായ്മ ഇതിന് വളക്കൂറായി എന്ന ചര്‍ച്ച സജീവമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top