കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി പെരുമ്പാവൂർ ലയൺസ് ക്ലബ്ബ്; ഈ വർഷം നടപ്പിലാക്കുന്നത് വിപുലമായ ജീവകാരുണ്യ പദ്ധതികൾ

പെരുമ്പാവൂർ: ‘വി സെർവ്’ (We Serve) എന്ന ലയൺസ് ഇന്റർനാഷണലിന്റെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട്, 2026-27 ലയണിസ്റ്റിക് വർഷത്തിൽ വിപുലമായ ജീവകാരുണ്യ-സാമൂഹ്യക്ഷേമ പദ്ധതികളുമായി പെരുമ്പാവൂർ ലയൺസ് ക്ലബ്ബ്. ഭവനരഹിതർക്ക് വീട്, നിർധനർക്ക് ചികിത്സാ സഹായം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് സാന്ത്വനമേകുന്ന പദ്ധതികൾക്കാണ് ഈ ജൂലൈ മാസം മുതൽ ക്ലബ്ബ് തുടക്കം കുറിക്കുന്നത്.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് ഭവനരഹിതരായ അർഹർക്ക് വീട് നിർമ്മിച്ച് നൽകുന്ന ‘നന്മഭവനം’ പദ്ധതിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ആരോഗ്യരംഗത്ത് മികച്ച ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായി സൗജന്യ നേത്രപരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിമിര രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയും തുടർചികിത്സയും ഉറപ്പാക്കുകയും ചെയ്യും. ഇതിനുപുറമെ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഹൃദ്രോഗികളുടെ ചികിത്സയ്ക്കായി ഡിഫിബ്രിലേറ്റർ മെഷീനും ലഭ്യമാക്കും.പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണം നൽകുന്ന ‘വിശപ്പിന് വിരാമം’ പദ്ധതിക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു. ഡോ. ഫിലിപ്പ് അലക്സാണ്ടർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡയാലിസിസ് രോഗികൾക്കും മറ്റ് നിർധന രോഗികൾക്കുമുള്ള ധനസഹായം എന്നിവയും ഈ വർഷത്തെ പ്രധാന കർമ്മപദ്ധതികളിൽ ഉൾപ്പെടുന്നു.വിദ്യാഭ്യാസ-പാരിസ്ഥിതിക മേഖലകളിലും ക്ലബ്ബ് സജീവ ഇടപെടലുകൾ നടത്തും. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നെടുങ്കണ്ടത്തിൽ മേരി പോൾ ആൻഡ് എൻ.പി. പോൾ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പത്രം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കും. വിവിധ സ്കൂളുകളിൽ കുട്ടികൾക്കുള്ള ബാഗ് വിതരണവും പുരോഗമിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ, ബോധവൽക്കരണം, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയും, വിദ്യാർത്ഥികളിലും യുവജനങ്ങളിലും നേതൃത്വപാടവം വളർത്താൻ പ്രത്യേക ലീഡർഷിപ്പ് ഡെവലപ്‌മെന്റ് പരിശീലന പരിപാടികളും സംഘടിപ്പിക്കും.ആരോഗ്യം, വിദ്യാഭ്യാസം, യുവജനശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹികക്ഷേമം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സാമൂഹ്യസേവനം കൂടുതൽ ശക്തിപ്പെടുത്താനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ജോമി പോൾ, സെക്രട്ടറി സാജു തോമസ്, ട്രഷറർ എം.ഐ. വർഗീസ് എന്നിവർ അറിയിച്ചു. യോഗത്തിൽ ഡോ. ജോൺ ജോസഫ് സംബന്ധിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top