പെരുമ്പാവൂർ: യുവാക്കളെ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം നടുറോഡിൽ ക്രൂരമായി മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്‌ത കേസിൽ പൊലീസിൽ നിന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നറിയിച്ച് യുവാക്കളുടെ രക്ഷിതാക്കൾ രംഗത്ത്. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട പ്രതികൾക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചതിന് പിന്നിൽ പൊലീസ് ചുമത്തിയ ദുർബല വകുപ്പുകളും കോടതിയിൽ എപിപി എതിർപ്പ് പ്രകടിപ്പിക്കാതിരുന്നതുമാണെന്ന് ഇവർ പറഞ്ഞു. ഇതേത്തുടർന്ന് മേൽക്കോടതികളെ സമീപിക്കാനൊരുങ്ങുകയാണ് മാതാപിതാക്കൾ.പെരുമ്പാവൂരിന് സമീപം കണ്ടന്തറയിലാണ് സംഭവം. കഞ്ചാവ് വിൽപനക്കാരെന്നാരോപിച്ചായിരുന്നു അതിക്രമം. മഞ്ഞപ്പെട്ടി സ്വദേശി ഗോകുൽ (20), കണ്ടന്തറ സ്വദേശികളായ അഫ്സൽ (20), ഗസൽ (18) എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടന്തറ കാരോത്തുകുടി കെ എ ശെരീഫ് (54), കണ്ടന്തറ ചിരയ്ക്കക്കുടി സാജിത് (54), കണ്ടന്തറ കാരോത്തുകുടി മാഹിൻകുട്ടി (42), കണ്ടന്തറ പട്ടരുമഠം പി വി ഷമീർ (46), മുടിക്കൽ ഉപ്പൂട്ടിൽ റഫീഖ് (57), കണ്ടന്തറ കാരോത്തുകുടി കെ എ അൻവർ (50) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രവർത്തകരായ ‘തൂഫാൻ വാരിയേഴ്‌സാ’ണ് ശെരീഫും സാജിതും ഷമീറും റഫീഖും. തുടർന്ന് കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. ഇതിനെതിരെയാണ് മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad











