പെരുമ്പാവൂരിലെ എൻ.ജി.ഒ ക്വാർട്ടേഴ്സ് രോഗങ്ങളുടെ താവളം; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ദുരിതത്തിലായി 125-ഓളം ജീവനക്കാർ

പെരുമ്പാവൂർ: മാലിന്യടാങ്കുകൾ നിറഞ്ഞൊഴുകിയും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചും ദുർഗന്ധം വമിക്കുന്ന പെരുമ്പാവൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ഡെങ്കിപ്പനി പടർന്നുപിടിച്ചിട്ടും തിരിഞ്ഞുനോക്കാതെ പി.ഡബ്ല്യു.ഡി അധികൃതർ. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ താമസിക്കുന്ന 39 വീടുകളിലെ 125-ഓളം പേരുടെ ജീവനാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഭീഷണിയിലായിരിക്കുന്നത്. ഇവിടെ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുപേർക്കാണ് ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കൃത്യമായി വീട്ടുവാടക അലവൻസ് (എച്ച്.ആർ.എ) ഈടാക്കുന്നുണ്ടെങ്കിലും ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾക്കോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ ഒരു രൂപ പോലും അധികൃതർ ചെലവാക്കുന്നില്ലെന്നാണ് ഇവിടുത്തെ താമസക്കാരുടെ പ്രധാന പരാതി.പൊട്ടിയൊലിക്കുന്ന മാലിന്യടാങ്കുകൾക്കും സെപ്റ്റിക് ടാങ്കുകൾക്കും ചുറ്റും പുഴുക്കൾ അരിക്കുന്ന ദയനീയ കാഴ്ചയാണ് ക്വാർട്ടേഴ്സ് പരിസരത്തുള്ളത്. ഇതിനുപുറമെ കെട്ടിടങ്ങളുടെ മുൻവശമടക്കം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. ഫണ്ടില്ലെന്ന സ്ഥിരം പല്ലവി ആവർത്തിച്ച് ഉദ്യോഗസ്ഥർ കൈമലർത്തിയതോടെ, ഗത്യന്തരമില്ലാതെ ഇവിടുത്തെ താമസക്കാരുടെ കൂട്ടായ്മയായ ‘രാഗം റെസിഡന്റ്സ് അസോസിയേഷൻ’ സ്വന്തമായി പണം കണ്ടെത്തിയാണ് അത്യാവശ്യം ശുചീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടുപോകുന്നത്. സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കും സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത തരത്തിലേക്ക് ക്വാർട്ടേഴ്സ് മാറിയിട്ടും ബന്ധപ്പെട്ടവർ അനങ്ങാപ്പാറ നയം തുടരുകയാണ്.മാസങ്ങൾക്ക് മുൻപ് തന്നെ ഈ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വാർഡ് കൗൺസിലർ ഹയറുന്നിസ നസീർ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ക്വാർട്ടേഴ്സും പരിസരവും പി.ഡബ്ല്യു.ഡിയുടെ പൂർണ്ണ നിയന്ത്രണത്തിലായതിനാൽ നഗരസഭയ്ക്ക് ഇവിടെ നേരിട്ട് ഇടപെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സാങ്കേതികമായ തടസ്സങ്ങളുണ്ട്. സ്ഥിതിഗതികൾ അതിരൂക്ഷമായതോടെ വാർഡ് കൗൺസിലർ വീണ്ടും സ്ഥലം സന്ദർശിക്കുകയും പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി അധികൃതർക്ക് അടിയന്തരമായി വീണ്ടും പരാതി നൽകുകയും ചെയ്തു. രോഗം കൂടുതൽ പേരിലേക്ക് പടർന്നുപിടിച്ച് വലിയൊരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകുന്നതിന് മുൻപ് തന്നെ മാലിന്യടാങ്കുകൾ വൃത്തിയാക്കാനും പരിസരത്തെ കാടുവെട്ടിത്തെളിക്കാനും അധികാരികൾ അടിയന്തരമായി തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ ആവശ്യം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top