അതിഥി തൊഴിലാളി നിയമനിർമ്മാണം അനിവാര്യം; പെരുമ്പാവൂരിന്റെ സാമൂഹിക സുരക്ഷയ്ക്കായി മാനവദീപ്തി രണ്ടാംഘട്ട കാമ്പയിൻ ശനിയാഴ്ച മുതൽ

പെരുമ്പാവൂർ: സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളി കുടിയേറ്റം സൃഷ്ടിക്കുന്ന സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പെരുമ്പാവൂർ നഗരത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനവും ലക്ഷ്യമിട്ട് ‘മാനവദീപ്തി’ ജനകീയ കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ‘ജനം ഉണരണം പെരുമ്പാവൂർ വളരണം’ എന്ന ശക്തമായ സന്ദേശമുയർത്തി മാർച്ച് 14 ശനിയാഴ്ച വൈകിട്ട് നഗരത്തിൽ മനുഷ്യാവകാശ പ്രവർത്തകർ അണിനിരക്കുന്ന പദയാത്രയോടെയാണ് കാമ്പയിന് തുടക്കമിടുന്നത്. കേരളത്തിന്റെ പൊതുസുരക്ഷയെയും വികസനത്തെയും നേരിട്ട് ബാധിക്കുന്ന അതിഥി തൊഴിലാളി കുടിയേറ്റത്തിൽ കാലോചിതമായ നിയമനിർമ്മാണം വേണമെന്ന ആവശ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യ ചർച്ചാവിഷയമാക്കാനാണ് മാനവദീപ്തി ജനകീയ കാമ്പയിൻ കമ്മിറ്റിയുടെ തീരുമാനം.

കേരളത്തിൽ ഏകദേശം 30 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ സാന്നിധ്യം നിലനിൽക്കുമ്പോഴും, 1979-ലെ കാലഹരണപ്പെട്ട കേന്ദ്ര കുടിയേറ്റ തൊഴിലാളി നിയമമാണ് ഇപ്പോഴും നിലവിലുള്ളത്. ഈ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും കുടിയേറ്റം നിയന്ത്രിക്കാൻ കേരള സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തണമെന്നുമാണ് കാമ്പയിന്റെ പ്രധാന ആവശ്യം. 2023 ഒക്ടോബറിൽ ഒന്നാംഘട്ട കാമ്പയിന്റെ ഭാഗമായി സർക്കാരിന് സമർപ്പിച്ച നിവേദനത്തെത്തുടർന്ന് എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വിവരശേഖരണം ആരംഭിച്ചിരുന്നെങ്കിലും, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് വഴിപാടുപോലെയാണ് നടന്നത്. ആഭ്യന്തര വകുപ്പ് പിന്നീട് ഈ നടപടികൾ അവസാനിപ്പിച്ചതും അതിഥി പോർട്ടൽ, ആവാസ് പദ്ധതി, ക്ഷേമനിധി തുടങ്ങിയ സംവിധാനങ്ങൾ വഴിയുള്ള വിവരശേഖരണം നിലച്ചതും ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

പെരുമ്പാവൂരിലെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന വിധത്തിൽ നിരോധിത ലഹരിവസ്തുക്കളുടെ വിപണനം അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപകമാകുന്നത് നഗരത്തിൽ വലിയ സാമൂഹിക അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. കൃത്യമായ രേഖകളോ വിവരശേഖരണമോ ഇല്ലാതെ പതിനായിരങ്ങൾ തമ്പടിക്കുന്നത് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ പോലീസിനും വലിയ വെല്ലുവിളിയാകുന്നുണ്ട്. സർക്കാർ തലത്തിൽ നിയമനിർമ്മാണത്തിനുള്ള ആലോചനകൾ തുടങ്ങിവെച്ചെങ്കിലും പിന്നീട് അവയൊക്കെ ശീതീകരണപ്പിണിയിലായ സാഹചര്യത്തിലാണ് രണ്ടാമങ്കത്തിന് മാനവദീപ്തി ഒരുങ്ങുന്നത്. നിലവിൽ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലുള്ള തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കി പെരുമ്പാവൂരിന്റെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top