പെരുമ്പാവൂർ: ഗേൾസ് ഹൈസ്കൂളിന് പുറകുവശം സി.എസ്.ഐ പള്ളിക്ക് സമീപമുള്ള വീട്ടിൽ കുത്തിത്തുറന്ന് മോഷണം. മാങ്കുടി വീട്ടിൽ വള്ളികുഞ്ഞുമോന്റെ വീട്ടിലാണ് തുടർച്ചയായ ദിവസങ്ങളിൽ മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന 10,000 രൂപയും സമീപത്തെ അടച്ചിട്ട വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങളും മോഷ്ടാക്കൾ കവർന്നു.പകൽ സമയം ഇവിടെ താമസിച്ച് വൈകുന്നേരങ്ങളിൽ മകൻ്റെ കടുവാളിലുള്ള വീട്ടിലേക്ക് പോകുന്നതാണ് വള്ളികുഞ്ഞുമോന്റെ പതിവ്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിൻ്റെ പുറകുവശത്തെ ഗ്രിൽ പൊളിച്ച് വാതിലിൻ്റെ മുകളിലെ പാളി തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. അലമാരയിലുണ്ടായിരുന്ന 10,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇതിന് ശേഷം ഞായറാഴ്ച വൈകിട്ട് തിരികെയെത്തിയപ്പോൾ വീടിനോട് ചേർന്നുള്ള അടച്ചിട്ട മറ്റൊരു വീടിൻ്റെ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തുകയറി ചെമ്പ് പാത്രങ്ങളടക്കം മോഷ്ടിച്ചതായി കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വീട്ടുകാരുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു.പെരുമ്പാവൂർ നഗരത്തിലും പരിസരങ്ങളിലും ആക്രി പെറുക്കാനെന്ന വ്യാജേനയെത്തി വീടുകളിൽ മോഷണം നടത്തുന്നത് വ്യാപകമാവുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കേരള സ്റ്റേറ്റ് സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ, മോഷ്ടിച്ചു കൊണ്ടുവരുന്ന സാധനങ്ങൾ വാങ്ങാൻ ചില ആക്രി വ്യാപാരികൾ തയ്യാറാകുന്നതാണ് ഇത്തരം മോഷണങ്ങൾ പെരുകാൻ കാരണമാകുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം രാസലഹരി ഉപയോഗത്തിനായാണ് പലരും കണ്ടെത്തുന്നത്.ലഹരിമാഫിയയ്ക്ക് തടയിടാനുള്ള ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും, ഇത്തരം മോഷണസംഘങ്ങളെ നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ആക്രി കച്ചവട സ്ഥാപനങ്ങളിൽ സി.സി.ടി.വി ക്യാമറകൾ നിർബന്ധമാക്കാനും ലൈസൻസുകൾ കർശനമായി പരിശോധിക്കാനും പോലീസും നഗരസഭാ അധികൃതരും അടിയന്തരമായി തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











