വികസന കുതിപ്പിന് ബ്ലൂപ്രിന്റ്: 6.59 കോടി മിച്ചം പ്രതീക്ഷിച്ച് പെരുമ്പാവൂർ നഗരസഭാ ബജറ്റ്

പെരുമ്പാവൂർ: അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകി 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പെരുമ്പാവൂർ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. 63.34 കോടി രൂപ വരവും 56.75 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 6.59 കോടി രൂപയുടെ മിച്ചമാണ് കണക്കാക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ ബിജു ജോൺ ജേക്കബ് കൗൺസിലിൽ അവതരിപ്പിച്ച ബജറ്റിൽ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി ബൃഹദ് പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ മുനിസിപ്പൽ ഓഫീസ് മന്ദിരം, ലൈബ്രറി നവീകരണം, ലോറി സ്റ്റാൻഡിലും മാർക്കറ്റിലും ആധുനിക ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിർമ്മാണം എന്നിവ നഗര വികസനത്തിന് പുത്തൻ ഉണർവ് നൽകും.

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതൽ നൽകുന്ന നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നഗരസഭ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയും വകയിരുത്തി. നഗരപരിധിയിലുള്ള രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 62 ലക്ഷം രൂപയും ആരോഗ്യ മേഖലയിലെ മറ്റ് പ്രവർത്തനങ്ങൾക്കായി 2.94 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. നഗരം നേരിടുന്ന പ്രധാന വെല്ലുവിളിയായ മാലിന്യ സംസ്കരണത്തിന് കെ.എസ്.ഡബ്ല്യു.എം.പി പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ മിനി എം.സി.എഫ് നിർമ്മാണത്തിനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക തുക നീക്കിവെച്ചു. തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി എ.ബി.സി പദ്ധതിക്കും നായവളർത്തൽ കേന്ദ്രത്തിനുമായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

സാമൂഹിക ക്ഷേമ പദ്ധതികൾക്കും കാർഷിക മേഖലയ്ക്കും അർഹമായ പ്രാധാന്യം ബജറ്റ് നൽകുന്നു. ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികൾക്കായി 79 ലക്ഷം രൂപയും പട്ടികജാതി വികസനത്തിനായി 1.18 കോടി രൂപയും അനുവദിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി വയോമിത്രം പദ്ധതിയും പകൽവീടുകളുടെ നവീകരണവും നടപ്പിലാക്കും. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയംതൊഴിൽ സംരംഭങ്ങൾക്കും തയ്യൽ മെഷീൻ വിതരണത്തിനുമായി തുക നീക്കിവെച്ചു. കാർഷിക മേഖലയ്ക്ക് 27 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന് 18.85 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

നഗരത്തിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റോഡുകൾ, ബൈപ്പാസുകൾ, ഡ്രെയിനേജുകൾ എന്നിവയുടെ നവീകരണത്തിന് 75 ലക്ഷം രൂപ വകയിരുത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് യാർഡ് ടാറിംഗിനായി 70 ലക്ഷം രൂപയും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഓപ്പൺ ജിം നിർമ്മാണത്തിനായി 18.5 ലക്ഷം രൂപയും അനുവദിച്ചു. ലഭ്യമായ സാമ്പത്തിക സ്രോതസ്സുകൾ ഫലപ്രദമായി വിനിയോഗിച്ച് നഗരവാസികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർപെഴ്‌സൺ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top