കുഴൽമന്ദം രാമകൃഷ്ണന്റെ ശ്രീമൃദു വാദനം; വിസ്മയിച്ച് കേന്ദ്രമന്ത്രിയും ആസ്വാദകരും

പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ കൂവപ്പടി ബ്രാഹ്മണസമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ അവതരിപ്പിച്ച ശ്രീമൃദു വാദനം ശ്രദ്ധേയമായി. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് അദ്ദേഹം സ്റ്റേജിലെത്തി പരിപാടി അവതരിപ്പിച്ചത്.ഗിന്നസ് റെക്കോർഡ് ജേതാവായ കുഴൽമന്ദം രാമകൃഷ്ണൻ എട്ടു വർഷത്തെ നിരന്തര ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ‘സദ്മൃദംഗം’ എന്ന പുതിയ താളവാദ്യോപകരണമാണ് ‘ശ്രീമൃദു’ എന്ന പേരിൽ അറിയപ്പെടുന്നത്. 2018-ൽ ഇതിന്റെ ഡിസൈന് ഭാരത സർക്കാരിന്റെ പേറ്റന്റും ലഭിച്ചിട്ടുണ്ട്. പ്ലാവിൻ തടിയിലുള്ള പരമ്പരാഗത മൃദംഗങ്ങൾക്ക് 15 മുതൽ 30 കിലോഗ്രാം വരെ തൂക്കമുള്ളപ്പോൾ സ്റ്റീൽ, ഫൈബർ, ലെതർ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ശ്രീമൃദുവിന് വെറും 5 കിലോഗ്രാം മാത്രമാണ് ഭാരം. പരമ്പരാഗത മൃദംഗത്തിന്റെ അതേ നാദശുദ്ധിയും വ്യക്തതയും നൽകുന്ന ഇതിന്റെ ഇലക്ട്രോണിക് പതിപ്പിൽ ബിൽട്ട് ഇൻ പ്രീ ആമ്പ്, ഇലക്ട്രിക് സൗണ്ട് പിക്ക് അപ്പ് എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കി വാദ്യത്തിന്റെ ശുദ്ധമായ നാദം മാത്രം ആംപ്ലിഫൈ ചെയ്യാൻ സഹായിക്കുന്നതിനാൽ ഫ്യൂഷൻ, ഇൻഡോർ പരിപാടികൾക്ക് ഏറെ അനുയോജ്യമാണ്.

കേന്ദ്രമന്ത്രിയുടെ ആവശ്യപ്രകാരം അഞ്ചുമിനുട്ടോളം ചടുലമായ താളത്തിൽ തനിയാവർത്തനം തീർത്ത കുഴൽമന്ദം രാമകൃഷ്ണനെ വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടനും സന്നിഹിതനായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top