പെരുമ്പാവൂർ: പുസ്തകത്താളുകളിൽ മാത്രം കണ്ടും വായിച്ചും പഠിച്ച രാസപ്രവർത്തനങ്ങൾ ഇനി നേരിട്ട് കണ്ട് മനസ്സിലാക്കാം; അതും പൂർണ്ണമായും സൗജന്യമായി. രസതന്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും അത്ഭുതങ്ങൾ വിദ്യാർഥികൾക്ക് നേരിട്ട് പരീക്ഷിച്ച് പഠിക്കാൻ കോടനാട് ആനക്കളരിക്ക് സമീപം സ്വന്തം വീടിനോട് ചേർന്ന് ഒരു സമ്പൂർണ്ണ ലബോറട്ടറി തന്നെ ഒരുക്കിയിരിക്കുകയാണ് ശ്രീനിലയത്തിൽ ശ്രീനി എന്ന അമ്പത്തിനാലുകാരൻ. ഏഴാം ക്ലാസ് മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ശാസ്ത്രസത്യങ്ങൾ സ്വന്തം കൈകൾക്കൊണ്ട് ചെയ്ത് ബോധ്യപ്പെടാനുള്ള സുവർണ്ണാവസരമാണ് ഈ കൊച്ചു പരീക്ഷണശാല തുറന്നിടുന്നത്.
കൊവിഡ് കാലത്ത് മക്കളായ ആദിത്യനും അദിതിക്കും ശാസ്ത്രബോധം പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ 2019-ൽ ആരംഭിച്ചതാണ് ഈ ലാബ്. ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നൂറ്റിയമ്പതിലേറെ രാസവസ്തുക്കളാണ് ഇവിടെയുള്ളത്. കെമിസ്ട്രിക്ക് പുറമെ ഫിസിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലും ഇവിടെ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നു. പല സ്കൂളുകളിലും ലബോറട്ടറികൾ പൂർണ്ണതോതിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ, തൻ്റെ പക്കലുള്ള രാസവസ്തുക്കളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നതിന് മുൻപ് അത് കുട്ടികളുടെ പഠനത്തിനായി പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ശ്രീനിയുടെ ലക്ഷ്യം. രാസപ്രവർത്തനങ്ങൾ നേരിട്ട് കാണുന്നത് കുട്ടികളിലെ ശാസ്ത്രചിന്തയും അന്വേഷണത്വരയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1987-ൽ കോടനാട് മാർ ഔഗേൻ ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ശ്രീനിക്ക് ശാസ്ത്രവിഷയങ്ങളോടുള്ള ഈ അഭിനിവേശം. അന്ന് സ്കൂൾ ലബോറട്ടറിയുടെ താക്കോൽ പോലും അധ്യാപകർ ഈ വിദ്യാർത്ഥിയെയായിരുന്നു സ്വതന്ത്രമായി ഏൽപ്പിച്ചിരുന്നത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയ ശ്രീനി ഇപ്പോൾ പെരുമ്പാവൂരിൽ സ്വന്തമായി കമ്പ്യൂട്ടർ അനുബന്ധ സ്ഥാപനം നടത്തുകയാണ്. ഒഴിവുസമയങ്ങളിൽ എൻജിനീയറിങ് ബിരുദ വിദ്യാർഥികൾക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് കോടനാട് യൂണിറ്റിൽ സജീവമായ ഇദ്ദേഹം നേരത്തെ സ്വന്തമായി ടെലസ്കോപ്പ് നിർമ്മിച്ച് കുട്ടികൾക്ക് വാനനിരീക്ഷണത്തിന് അവസരമൊരുക്കിയും മാധ്യമശ്രദ്ധ നേടിയിരുന്നു. ശാസ്ത്ര, സാഹിത്യ, കലാവിഷയങ്ങൾ ഉൾപ്പെടുത്തി പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ശ്രീനി.
പെരുമ്പാവൂരിൽ ടാക്സ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രസീതയാണ് ഭാര്യ. ലാബിൽ പരീക്ഷണങ്ങൾ നടത്താനും പാഠ്യവിഷയങ്ങളിലെ സംശയദൂരീകരണത്തിനുമായി കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പമോ ഗ്രൂപ്പുകളായോ ഇവിടേക്ക് വരാവുന്നതാണ്. താല്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ച ശേഷം വേണം എത്താൻ. ഫോൺ: 9496275712.
What do you feel about this post?

Like

Love

Happy

Haha

Sad











