പെരുമ്പാവൂർ: വല്ലം – പാണംകുഴി റോഡിൽ കൂവപ്പടി പെരിയാർവാലി കനാൽ പുറമ്പോക്കിൽ അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. വൻമരം അടക്കം എട്ട് മരങ്ങളാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്നത്. കണ്ടെയ്നർ ലോറികൾ പോകുമ്പോൾ മരക്കൊമ്പുകളിൽ തട്ടുന്നത് ഇവിടെ പതിവാണ്. കാറ്റും മഴയുമുള്ള സമയങ്ങളിൽ ജീവൻ പണയപ്പെടുത്തിയാണ് ആളുകൾ ഇതുവഴി യാത്ര ചെയ്യുന്നത്. മലയാറ്റൂർ തീർത്ഥാടന കേന്ദ്രം, കപ്രിക്കാട് അഭയാരണ്യം, പാണിയേലി പോര് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വിവിധ വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്കുമുള്ള പ്രധാന റോഡാണിത്. ഇരുപതിലേറെ ബസ് സർവീസുകളും സ്കൂൾ വാഹനങ്ങളും ഈ വഴിയാണ് കടന്നുപോകുന്നത്. മരങ്ങൾക്കടിയിലൂടെ വൈദ്യുതി ലൈനുകൾ പോകുന്നതും അപകടസാധ്യത കൂട്ടുന്നു.കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് മരങ്ങൾ മുറിക്കുന്നതിനായി പെരിയാർവാലി വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് ടെൻഡർ ക്ഷണിച്ചെങ്കിലും സർക്കാർ നിശ്ചയിച്ച ഉയർന്ന അടിസ്ഥാനവില കാരണം ലേലം കൊള്ളാൻ ആരും തയ്യാറായില്ല. വില കുറച്ച് നൽകാൻ വകുപ്പിന് കഴിയാത്തതിനാലാണ് നടപടികൾ വൈകുന്നത്. മഴക്കാലം കഴിഞ്ഞിട്ടും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











