പെരുമ്പാവൂർ: ഗുരുതരമായ അസുഖത്തെ തുടർന്ന് വീട്ടിൽ കിടന്ന് മരണപ്പെട്ട കോടനാട് വലിയപാറ സ്വദേശിയുടെ മൃതദേഹത്തോട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ അനാദരവ് കാണിച്ചതായി പരാതി. മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ വിസമ്മതിച്ച് ഒന്നര മണിക്കൂറോളം ആംബുലൻസിൽ കിടത്തിയ ഡ്യൂട്ടി ഡോക്ടറുടെ നടപടിക്കെതിരെ ജനപ്രതിനിധി എന്ന നിലയിൽ ശക്തമായി ഇടപെട്ടതായി മനോജ് മൂത്തേടൻ എംഎൽഎ അറിയിച്ചു.ചികിത്സയിലിരിക്കെ ഡോക്ടർമാർ വിധിയെഴുതി വീട്ടിലേക്ക് മടക്കി അയക്കുകയും, തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം മരണപ്പെടുകയും ചെയ്ത വ്യക്തിയുടെ മൃതദേഹമാണ് രണ്ട് ദിവസത്തേക്ക് സൂക്ഷിക്കാൻ ആശുപത്രിയിൽ എത്തിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പറുടെ കത്തും ചികിത്സാ രേഖകളും സഹിതം ബന്ധുക്കൾ സമീപിച്ചിട്ടും പോലീസ് റിപ്പോർട്ട് വേണമെന്ന വാശിയിലായിരുന്നു ഡ്യൂട്ടി ഡോക്ടർ.വിവരമറിഞ്ഞ് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് മൃതദേഹം ഫ്രീസറിൽ വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടും ഡോക്ടർ അത് അനുസരിക്കാൻ തയ്യാറായില്ല. തുടർന്ന് മൃതദേഹവുമായി വന്നവർക്ക് നീതി ഉറപ്പാക്കാൻ എംഎൽഎ നേരിട്ട് ആശുപത്രിയിൽ എത്തുകയായിരുന്നു. മുൻകാലങ്ങളിലെ കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും നിഷേധാത്മക നിലപാട് തുടർന്ന ഡോക്ടർക്കെതിരെ എംഎൽഎ നിരാഹാര സമരം പ്രഖ്യാപിച്ചതോടെയാണ് സൂപ്രണ്ട് കർശന നിർദ്ദേശം നൽകിയത്. ഇതിന് ശേഷവും മരണം സ്ഥിരീകരിക്കാൻ ഇസിജി എടുക്കണമെന്ന പേരിൽ മൃതദേഹം വീണ്ടും ആശുപത്രി മുറ്റത്ത് കിടത്തി വൈകിപ്പിച്ചതായും എംഎൽഎ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കൂടിയ ആശുപത്രി മാനേജ്മെന്റ് യോഗത്തിൽ, ജനപ്രതിനിധികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ അനുവാദം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന പ്രതിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എംഎൽഎ പറഞ്ഞു. ജനങ്ങൾക്കുവേണ്ടിയുള്ള നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും, ഈ രീതിയിലാണ് ഡോക്ടർമാർ പെരുമാറുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
What do you feel about this post?

Like

Love

Happy

Haha

Sad











