അക്ഷര വിസ്മയം ‘ത്രീഡി ബേബി’ റാഫേൽ ഓർമ്മയായി

പെരുമ്പാവൂർ: അക്ഷരങ്ങളെ അത്ഭുത കലയാക്കി മാറ്റി ലോകത്തെ വിസ്മയിപ്പിച്ച കൂവപ്പടി ആയത്തുപടി സ്വദേശി പി.പി. റാഫേൽ പള്ളിക്കരക്കാരൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, അറബി എന്നീ ഏഴു ഭാഷകളിൽ അഞ്ചു തരത്തിൽ അക്ഷരങ്ങളെ കീഴ്മേൽ മറിച്ച് എഴുതുന്ന ‘മിറർ ഇമേജ് റൈറ്റിംഗ്’ വിദ്യയിലൂടെ ലോകശ്രദ്ധ നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. ഇരുകൈകളും ഉപയോഗിച്ച് ഒരേസമയം വ്യത്യസ്ത ഭാഷകളിൽ എഴുതുക, ചുണ്ടുകളും കാൽവിരലുകളും കൊണ്ട് അക്ഷരങ്ങൾ കുറിക്കുക, കണ്ണുകെട്ടി എഴുതുക, പത്രങ്ങൾ തലതിരിച്ചു വായിക്കുക, മ്യൂസിക്കൽ കീബോർഡ് തലതിരിച്ചു പിടിച്ചു വായിക്കുക തുടങ്ങിയ അസാധാരണ സിദ്ധികളിലൂടെ അദ്ദേഹം ജനങ്ങളെ അത്ഭുതപ്പെടുത്തി. മറ്റൊരാൾ മുതുകിൽ വിരൽകൊണ്ടെഴുതുന്നത് സ്പർശനത്തിലൂടെ തിരിച്ചറിഞ്ഞ് ബ്ലാക്ക് ബോർഡിൽ മിറർ ഇമേജായി പകർത്താനും അദ്ദേഹത്തിന് കഴിയുമായിരുന്നു.

2007-ൽ ഇന്ത്യൻ ട്രേഡ് ഫെയർ ഫൗണ്ടേഷന്റെ ‘റൈറ്റിംഗ് വിസാർഡ് അവാർഡ്’ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കളമശ്ശേരി എച്ച്.എം.ടിയിൽ 30 വർഷം മെഷീനിസ്റ്റായി സേവനമനുഷ്ഠിച്ച റാഫേൽ, വിരമിച്ച ശേഷമാണ് കൂവപ്പടി അയ്മുറിക്കവലയിൽ ‘ത്രീഡി ഡിജിറ്റൽ സ്റ്റുഡിയോ’ ആരംഭിക്കുന്നത്. അതോടെയാണ് നാട്ടുകാർക്ക് അദ്ദേഹം ‘ത്രീഡി ബേബി റാഫേൽ’ ആയി മാറിയത്. ആയത്തുപടിയിലുള്ള സ്വന്തം വീടിന് ‘ത്രീഡി’ എന്നാണ് അദ്ദേഹം പേരിട്ടിരുന്നത്.മികച്ചൊരു കവി കൂടിയായിരുന്ന റാഫേൽ, കലാമണ്ഡലം പ്രഭാകരന്റെ കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിച്ച് നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. പൊതുയിടങ്ങളിൽ വ്യത്യസ്തമായ 135 ഓളം വേഷങ്ങളിലെത്തി കാണികളെ വിസ്മയിപ്പിച്ച അദ്ദേഹത്തെ തേടി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സും എത്തി. നടി കുളപ്പുള്ളി ലീലയോടൊപ്പം പരസ്യചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തനതായ കഴിവുകളോടെ വിസ്മയങ്ങൾ തീർത്ത ഒരു വലിയ കലാകാരനെയാണ് റാഫേലിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top