പെരുമ്പാവൂര്‍: ‘നമുക്ക് വേണം വികസിത പെരുമ്പാവൂര്‍’ എന്ന ആശയം മുന്‍നിര്‍ത്തി എന്‍ഡിഎ മുനിസിപ്പല്‍ കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു. അഴിമതി രഹിത മുനിസിപ്പല്‍ ഭരണം ഉറപ്പു വരുത്തല്‍, മലിനീകരണ സംസ്‌കരണ പ്ലാന്റ് നടപ്പിലാക്കല്‍, മുടക്കമില്ലാതെ കുടിവെള്ളം എത്തിക്കല്‍, നഗരസഭാ പരിധിയില്‍ സ്വന്തമായി ഭൂമിയോ ഭവനമോ ഇല്ലാത്ത നിര്‍ധനരായവര്‍ക്ക് ഭവനം, വഴിയോര കച്ചവടക്കാര്‍ക്ക് പിഎം സ്വനിധി പദ്ധതി വഴി സ്ഥലം നല്‍കി സുരക്ഷതരാക്കും. പട്ടിക ജാതി- വര്‍ഗ്ഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കല്‍, എസ്‌സി, എസ്ടി കോളനി റോഡുകള്‍ നവീകരിച്ച്, വൈദ്യുതി ഉറപ്പുവരുത്തും. നഗരസഭ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ ഡോക്ടറുടെ സേവനം, മരുന്ന് എന്നിവ ഉറപ്പാക്കുന്നതിന് സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കും. നഗരസഭക്ക് കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. പൊതു ശൗചാലയങ്ങള്‍ നവീകരിച്ച് വൃത്തിയുള്ളതാക്കല്‍, ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം, ലേബര്‍ ക്യാമ്പുകള്‍ സ്ഥാപിച്ച് അഥിതി തൊഴിലാളികളുടെ അനിയന്ത്രിതമായ നീക്കങ്ങള്‍ ഇല്ലാതെയാക്കല്‍, സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് മദ്യ മയക്കുമരുന്ന് ലഹരി മാഫിയകളെ പുറത്താക്കല്‍, നഗരസഭാ നിവാസികള്‍ക്ക് വിശ്രമം, വിനോദം എന്നിവക്കായി ഇരിങ്ങോളിലെ കാലാഗ്രാമം പരിഷ്‌ക്കരിക്കല്‍, നഗരസഭയില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ സേവനങ്ങള്‍ക്ക് കാലതാമസം ഒഴിവാക്കുന്നതിന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തല്‍, സൗജന്യ ആംബുലന്‍സ്, ഫ്രീസര്‍ സൗകര്യങ്ങള്‍, സ്ത്രീകളെ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍, സസ്യ ചന്ത നവീകരിക്കല്‍, കംഫര്‍ട്ട് സ്റ്റേഷന്‍ ആധുനിക രീതിയിലാക്കി ശുചിത്വം ഉറപ്പുവരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് എന്‍ഡിഎ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ജില്ലാ ജനറൽ സെക്രട്ടറി ഷാജി മൂത്തേടന്‍, പി. അനില്‍കുമാര്‍, അജിത്ത്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.











