പെരുമ്പാവൂർ: ഇന്ന് വാട്ട്സാപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും മറ്റും വോട്ടു അഭ്യർത്ഥിക്കുന്ന കാലഘട്ടത്തിലേക്ക് നാം മാറിയപ്പോൾ പഴയ കാലഘട്ടത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ കാലത്തിൻ്റെ മാറ്റം പുതു തലമുറക്ക് ഒരു പക്ഷെ ചിന്തിക്കുവാൻ പോലും കഴിയാത്ത ഒന്നായിരിക്കും. 1950-52 കാലഘട്ടങ്ങളിലു മറ്റും ഒരു പേഴ്സണൽ ലെറ്റർ മോഡലിലായിരുന്നു നോട്ടീസുകൾ. ലെറ്റർ മോഡലിൽ തയ്യാറാക്കിയ ഈ നോട്ടീസുമായി വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിക്കുന്ന പതിവാണ് ഉണ്ടായിരുന്നത്.
ഏറ്റവും മുകളിൽ സ്ഥാനാർത്ഥിയുടെ പേരും മേൽവിലാസവും തൊട്ടുതാഴെ ചിഹ്നവും അതിനും അടിയിലായി തെരഞ്ഞെടുപ്പിന്റെ തിയതിയും, ഏത് പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്നും, പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ടു ചെയ്ത് മറ്റെല്ലാ സഹായ സഹകരണവും നൽകി വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടുകൂടി വോട്ട് അഭ്യർത്ഥിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് ദിവസം ആ എഴുത്തുകൊണ്ടുവരുന്നത് ഉപകാരമാണ് എന്നും കാണിച്ചിട്ടുണ്ടാകും. ഇന്നിപ്പോൾ ആ സ്ഥാനത്ത് ഓരോ പാർട്ടിക്കാരും സ്ലിപ്പ് കൊടുക്കുകയാണ് ചെയ്യുന്നത്. സ്ളിപ്പുമായിട്ടാണ് വോട്ടർമാർ പോളിംഗ് സ്റ്റേഷനിലെത്തുന്നത്. പഴയ കത്തിൻ്റെ ഏറ്റവും അടിയിലായി ലെറ്റർ അടിച്ച പ്രസിൻ്റെ പേരും അഡ്രസും കാണിച്ചിരിക്കും. പ്രസ് എന്നതിനുപകരം തനി മലയാള ഭാഷയായ അച്ചുകൂടം എന്നാണ് കാണിക്കുന്നത്.











