പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിന്റെ കീഴിലുള്ള കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു. മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സേവനം മുന്നോ, നാലോ മണിക്കൂര്‍ മാത്രം. ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുമുള്ള കൂവപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ഉപകരണങ്ങളുടെ കുറവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം അവതാളത്തിലായിരിക്കുന്നു. അത്യാസന്ന നിലയിലുള്ള രോഗി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഓക്സിജന്‍ സൗകര്യം കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപകരണങ്ങള്‍ ആവശ്യപ്പെടുന്ന ആള് സ്പോണ്സര് ചെയ്താല്‍ സേവനം തരാം എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ രോഗി മരണപ്പെടുകയും ചെയ്തു. ഈ അവസ്ഥയെക്കുറിച്ച് സംസാരിക്കുവാന്‍ ശനിയാഴ്ച 2.30-ന് ബി.ജെ.പി നേതാക്കള്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് അവിടെ ലഭ്യമാകുന്നത്. മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള മറ്റ് നാല് ഡോക്ടര്‍മാര്‍ ഉച്ചയ്ക്ക് പോയി എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ആശുപത്രിയിലെ സ്ഥിതിവിവര കണക്കുകള്‍ ചോദിച്ചപ്പോള്‍ നേഴ്സിംങ്ങ് ഹെഡ് എന്ന് പരിചയപ്പെടുത്തി വന്നയാള്‍ വേണമെങ്കില്‍ പരാതി എഴുതിക്കൊടുത്തുകൊണ്ട് പൊയ്ക്കോളു എന്ന് വളരെ രൂക്ഷമായ രീതിയില്‍ പറയുകയും ചെയ്തു. എന്നാല്‍ ആരോഗ്യകേന്ദ്രത്തില്‍ എഴുതിവച്ചിരിക്കുന്ന ബോര്‍ഡില്‍ നോക്കി മെഡിക്കല്‍ ഓഫീസറെ വിളിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. എന്തുകൊണ്ടാണ് ഫോണില്‍ കിട്ടാത്തത് എന്ന് തിരക്കിയപ്പോള്‍ അത് പഴയ നമ്പറാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഓഫീസറുടെ നമ്പര്‍ ചോദിച്ചപ്പോള്‍ തരുവാന്‍ തയ്യാറായില്ല. ഈ സമയം ഡോക്ടറെ കാണാന്‍ വന്ന 85 ന് വയസ്സിന് മേല്‍ പ്രായമുള്ള വയോധികന് വരികയും അദ്ദേഹം കഴിഞ്ഞ ആഴ്ചയില്‍ വന്നപ്പോള്‍ നാമമാത്രമായ മരുന്നുകള്‍ കൊടുക്കുകയും ബാക്കിയുള്ളവ പുറമേയ്ക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നപ്പോള്‍ എഴുതിക്കൊടുത്ത മരുന്നുകള്‍ക്ക് 700 രൂപ വേണമെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ അറിയിച്ചു. അദ്ദേഹത്തിന്റെ കൈയ്യില്‍ 100 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ആ തുകയ്ക്കുള്ള മരുന്ന് മാത്രം വാങ്ങി പോകുകയും ചെയ്തു. വളരെ പരിമിതമായ പരിശോധനകള്‍ നടത്തുവാനുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. 7 സബ്ബ് സെന്ററുകളുള്ള പഞ്ചായത്തിലെ സബ്ബ് സെന്ററുകളിലും പല ഉപകരണങ്ങള്‍ കേടുപാടുകല്‍ ഉള്ളതുകൊണ്ട് പരിശോധന നട ത്തുവാനും സാധിക്കുന്നില്ല. കോടനാട്, കുറിച്ചിലക്കോട്, ചേരാനല്ലൂര്‍, ആലാട്ടുചിറ, കൂവപ്പടി, ഈസ്റ്റ് ഐമുറി എന്നീ ഭാഗങ്ങളിലാണ് സബ്ബ് സെന്ററുകള്‍ ഉള്ളത്. മുന്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അനാസ്ഥയാണ് ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ബി.ജെ.പി. നേതാക്കള്‍ കുറ്റപ്പെടുത്തി. ബി.ജെ.പി. ന്യൂനപക്ഷമോര്‍ച്ച നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ദേവച്ചന്‍ പടയാട്ടില്‍, കോടനാട് ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.എം. സുനില്‍കുമാര്‍, കോടനാട് ഏരിയ കമ്മിറ്റി സെക്രട്ടറി സത്യപാല്‍ കോലക്കാട്ട് എന്നിവരാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആശുപത്രി സന്ദര്‍ശിച്ചത്. ഡോക്ടര്‍മാരുടെ പൂര്‍ണ്ണമായ സേവനം, മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും, രോഗനിര്‍ണ്ണയ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കുകയും, പാലിയേറ്റീവ് സേവനത്തിന് ഉപകരണങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി. നേതാക്കള്‍ അറിയിച്ചു.
Home KOOVAPPADY കൂവപ്പടി പഞ്ചായത്ത് കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു; ഡോക്ടര്‍മാരുടെ സേവനം മൂന്നോ നാലോ മണിക്കൂര്‍ മാത്രം











