ഇനിയുമെന്ത്‌ ചെയ്യണം…. ഈ നടപ്പാതയിലൂടെ നടക്കാൻ

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ പുഷ്പ ജംഗ്ഷനിൽ നടപ്പാതകൾ വ്യാപകമായി കൈയ്യേറിയത് മൂലം കാൽനടയാത്രക്കാർക്ക് വഴിയില്ലാത്ത അവസ്ഥ. ഇത്തിരിയുള്ള നടപ്പാതയിൽ കച്ചവടക്കാർ സാധനങ്ങൾ നിരത്തിവെച്ചതും പരസ്യ ബോർഡുകൾ വെച്ചതുമാണ് കാല്നടയാത്ര അസാധ്യമാക്കിയിരിക്കുന്നത്.

വർണ്ണക്കുടകളും കരിക്ക് മാലിന്യങ്ങളും നടപ്പാതയിൽ

പുഷ്പ ജംഗ്ഷനിലെ പഴം പച്ചക്കറി കടയുടമകൾ വർണ്ണക്കുടകളും കരിക്കു വെട്ടാനുള്ള മരക്കുറ്റിയും മറ്റും നടപ്പാതയിൽ നിരത്തി കാൽനടയാത്ര തടസ്സപ്പെടുത്തിയിട്ട് നാളുകൾ ഏറെയായി. ഉടമയുടെ ടൂവീലറുകളും കച്ചവട പരസ്യത്തിനായുള്ള ബോർഡുകളും സ്ഥിരമായി നടപ്പാതയിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. കരിക്ക് വെട്ടുന്നതിന്റെ വേസ്റ്റ് ചിരട്ടയും മടലും ചാക്കിൽ കെട്ടിയും മറ്റും നടപ്പാതയിൽ കൂട്ടിവെക്കുന്നു. കടയിലെ മറ്റു മാലിന്യങ്ങൾ കാനയിലേക്ക് തന്നെയാണ് തള്ളുന്നത്.

ടാറിട്ട റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്ന അവസ്ഥ

നടപ്പാതയിൽ സ്ഥലമില്ലാത്തതിനാൽ യാത്രക്കാർക്ക് ടാറിട്ട റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. തിരക്കേറിയ ഈ റോഡിൽ വാഹന അപകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നതിനാൽ ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾക്ക് എ.എം റോഡിലേക്ക് തിരിക്കാനും ഏറെ ബുദ്ധിമുട്ടുണ്ടാകുന്നു.

അധികൃതരുടെ മൗനം

പൊതുവഴിയിലെ പരസ്യമായ കൈയ്യേറ്റം കണ്ടിട്ടും വഴിയോര കച്ചവടക്കാരെ ആട്ടിയോടിക്കുന്ന നഗരസഭ അധികൃതർക്ക് മിണ്ടാട്ടമില്ല. പെരുമ്പാവൂർ പോലീസും വാഹന വകുപ്പും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അടിയിന്തരമായി നടപ്പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് വഴിയാത്ര സുഗമമാക്കണമെന്നാണ് വഴിയാത്രക്കാരുടെ ആവശ്യം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top