റയോൺസിൽ പി. രാജീവ് ‘സിക്സർ’; എൽദോസിന്റെ അവകാശവാദങ്ങൾ ‘നോ ബോൾ’? നിയമസഭയിലെ രേഖകൾ നിരത്തി മന്ത്രിയുടെ കടന്നാക്രമണം!

പെരുമ്പാവൂർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെരുമ്പാവൂർ രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച ‘വികസന പിതൃത്വ’ തർക്കത്തിന് റയോൺസ് മണ്ണിൽ വെച്ച് തന്നെ വ്യവസായ മന്ത്രി പി. രാജീവ് മറുപടി നൽകി. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെയും കെയ്ൻസ് ടെക്നോളജിയുടെയും ഉദ്ഘാടന വേദിയിൽ, എൽദോസ് കുന്നപ്പള്ളി എം.എൽ.എയെ വേദിയിലിരുത്തിക്കൊണ്ടുതന്നെയായിരുന്നു മന്ത്രിയുടെ ഓരോ നീക്കവും. വികസനം ‘തന്റെ കഠിനാധ്വാനം’ എന്ന് അവകാശപ്പെട്ട എം.എൽ.എയ്ക്ക്, നിയമസഭയിലെ പഴയ ചോദ്യോത്തരങ്ങൾ വായിച്ചു കേൾപ്പിച്ചാണ് മന്ത്രി മറുപടി നൽകിയത്.

സ്റ്റേഡിയം ചോദിച്ച എം.എൽ.എയും വികസനം കൊണ്ടുവന്ന സർക്കാരും!
റയോൺസ് ഭൂമി വ്യവസായത്തിനായി ഉപയോഗിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാരെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, ഇതേ ഭൂമിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി നൽകുമോ എന്നാണ് ഇപ്പോഴത്തെ എം.എൽ.എ എൽദോസ് കുന്നപ്പള്ളി സഭയിൽ ചോദിച്ചതെന്ന് മന്ത്രി വെളിപ്പെടുത്തി. വ്യവസായത്തിനായി മാറ്റിവെച്ച ഭൂമിയിൽ സ്റ്റേഡിയം നടപ്പില്ലെന്ന് സർക്കാർ അന്ന് തന്നെ വ്യക്തമാക്കിയതാണ്. മുൻ എം.എൽ.എ സാജു പോൾ എട്ട് തവണ സഭയിൽ സബ്മിഷൻ ഉന്നയിച്ചതും മുൻകാല മന്ത്രിമാർ നൽകിയ മറുപടികളും അക്കമിട്ടു നിരത്തിയ പി. രാജീവ്, വെറുതെ കിടന്ന ഭൂമിയിൽ ലോകത്തെ മികച്ച കമ്പനിയെ എത്തിച്ചത് ഈ സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് പ്രഖ്യാപിച്ചു.

കെയ്ൻസിന്റെ വരവ്: തിരക്കഥ മാറിയത് ഇങ്ങനെ
കഴിഞ്ഞ വർഷം അവസാനം കെയ്ൻസ് മാനേജ്‌മെന്റുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ വമ്പൻ പദ്ധതിക്ക് വിത്ത പാകിയത്. ‘ഇൻവെസ്റ്റ് കേരള’ സംഗമത്തിലെ ധാരണാപത്രവും അതിവേഗത്തിലുള്ള നടപടികളും വഴി വെറും നാലുമാസം കൊണ്ട് ആദ്യ യൂണിറ്റ് സജ്ജമായി. അമേരിക്കയിൽ നിന്നും മറ്റും വിദഗ്ധരായ നാല് മലയാളികൾ ഗവേഷണത്തിനായി നാട്ടിലേക്ക് മടങ്ങിയെത്തിയത് കേരളത്തിൽ സംഭവിക്കുന്ന ‘റിവേഴ്സ് മൈഗ്രേഷന്റെ’ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയെ അഭിനന്ദിച്ച് എം.എൽ.എ; പിന്മാറ്റം തന്ത്രപരമോ?
മന്ത്രിയുടെ കടന്നാക്രമണത്തിന് പിന്നാലെ അധ്യക്ഷ പ്രസംഗത്തിനെത്തിയ എൽദോസ് കുന്നപ്പള്ളി എം.എൽ.എ അയഞ്ഞ മട്ടിലാണ് സംസാരിച്ചത്. റയോൺസ് ഭൂമിയിൽ വമ്പൻ കമ്പനിയെ എത്തിച്ച മന്ത്രി പി. രാജീവിനെ അദ്ദേഹം പരസ്യമായി അഭിനന്ദിച്ചു. മുൻ മന്ത്രിമാരായ ഇ.പി. ജയരാജനും എ.സി. മൊയ്തീനും തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് നൽകിയ പിന്തുണയെയും അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും നാടിന്റെ വികസനത്തിനായി സർക്കാർ നടത്തുന്ന 2500 കോടിയുടെ പദ്ധതികളെ അദ്ദേഹം സ്വാഗതം ചെയ്തു.

പെരുമ്പാവൂർ ഇനി ഇലക്ട്രോണിക്സ് ഹബ്ബ്
പതിനാറ് മാസത്തിനുള്ളിൽ പദ്ധതിയുടെ നാലു ഘട്ടങ്ങളും പൂർത്തിയാകുമെന്ന കെയ്ൻസ് മാനേജ്‌മെന്റിന്റെ ഉറപ്പ് പെരുമ്പാവൂരിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. കെൽട്രോണുമായി കൈകോർത്ത് എഐ ക്യാമറ നിർമ്മാണത്തിലേക്കും കമ്പനി കടക്കുകയാണ്. മൈസൂർ ആസ്ഥാനമായ ഈ ആഗോള ഭീമൻ എത്തുന്നതോടെ പെരുമ്പാവൂർ കേരളത്തിന്റെ ഇലക്ട്രോണിക്സ് ഭൂപടത്തിൽ ഒന്നാമതെത്തും.

വികസനത്തിന്റെ കാര്യത്തിൽ മന്ത്രിയും എം.എൽ.എയും ഒരേ വേദിയിൽ പരസ്പരം അഭിനന്ദിച്ചെങ്കിലും, അണിയറയിൽ ക്രെഡിറ്റിനായുള്ള രാഷ്ട്രീയ യുദ്ധം അവസാനിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മണ്ഡലത്തിൽ ‘ആരാണ് യഥാർത്ഥ വികസന നായകൻ’ എന്ന ചോദ്യം വരും ദിവസങ്ങളിൽ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാകും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top