പെരുമ്പാവൂർ: കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ അപ്രതീക്ഷിതമായി മാറ്റിമറിക്കുന്ന പടഹാളം മുഴക്കി പെരുമ്പാവൂരിന്റെ മണ്ണില്‍ ട്വന്റി20 അമരക്കാരന്‍ സാബു എം. ജേക്കബ് നടത്തിയ പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ ഉറക്കം കെടുത്തുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി അഗ്നി ചിതറുന്ന വാക്കുകളുമായി ആഞ്ഞടിച്ച സാബു ജേക്കബ്, നൂറ്റാണ്ടിലധികം നീണ്ട നീതിനിഷേധത്തിന്റെ കറുത്ത ഏടുകള്‍ക്ക് വിരാമമിടാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ട്വന്റി20 ഒരുക്കുന്ന വികസനരേഖ പെരുമ്പാവൂരിനെ സംസ്ഥാനത്തെ ഏറ്റവും നിര്‍ണ്ണായകമായ രാഷ്ട്രീയ മാറ്റത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുകയാണ്. കേരളം 114 കൊല്ലമായി വീര്‍പ്പുമുട്ടുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രശ്‌നത്തിന് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മധ്യസ്ഥതയില്‍ ആറു മാസത്തിനകം ശാശ്വത പരിഹാരം കാണുമെന്ന അത്യുഗ്രന്‍ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. സഭാതര്‍ക്ക പരിഹാരത്തിനായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിച്ചതിന്റെ അടിസ്ഥാനത്തില്‍, വിഷയം പരിഹരിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെ പ്രധാനമന്ത്രി അപ്പോള്‍ത്തന്നെ ചുമതലപ്പെടുത്തിയ വിവരം സാബു ജേക്കബ് വെളിപ്പെടുത്തി. ചര്‍ച്ചകള്‍ പുരോഗമിക്കവെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാലാണ് നടപടികള്‍ താത്കാലികമായി നീട്ടിവെച്ചതെന്നും,ആറുമാസത്തിനുള്ളില്‍ ഈ നീറുന്ന പ്രശ്‌നത്തിന് വിരാമമിടുമെന്നുമുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
വികസനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നേറുന്ന ട്വന്റി20, പെരുമ്പാവൂരിനായി കാത്തുവെച്ചിരിക്കുന്നത് സമാനതകളില്ലാത്ത പദ്ധതികളാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഭരണപരമായ പിടിപ്പുകേടും മൂലം വിജ്ഞാപന കാലാവധി തീര്‍ന്ന് ചരമക്കുറിപ്പ് എഴുതപ്പെട്ട അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതി, എന്‍.ഡി.എ സഖ്യത്തിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞത് വലിയ വിജയമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 9500 കോടി രൂപയുടെ ബൃഹത്തായ നിക്ഷേപത്തില്‍ എട്ടു വരി പാതയായി ഈ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി സാബു ജേക്കബ് വെളിപ്പെടുത്തിയത് പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആവേശമാണ് പടര്‍ത്തിയത്. വംശനാശഭീഷണി നേരിടുന്ന അതിന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പും അദ്ദേഹം സദസ്സില്‍ അക്കമിട്ട് നിരത്തി. കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളില്‍ മാത്രം ട്വന്റി20 സഖ്യത്തിലൂടെ നേടിയെടുത്ത വികസന നേട്ടങ്ങള്‍ പതിറ്റാണ്ടുകളായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എമാര്‍ക്കോ എം.പിമാര്‍ക്കോ സ്വപ്നം കാണാന്‍ പോലുമാകാത്തതാണെന്ന് അദ്ദേഹം പരിഹസിച്ചു.
ട്വന്റി20യുടെ അശ്വമേധത്തില്‍ ഭയവിഹ്വലരായ എല്‍.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ ധാര്‍മ്മികത പണയപ്പെടുത്തി അവിശുദ്ധ സഖ്യത്തിലേക്ക് നീങ്ങുകയാണെന്നും തങ്ങള്‍ക്കെതിരെയുള്ള ഡീല്‍ ആരോപണങ്ങള്‍ വെറും പാഴ്വാക്കുകളാണെന്നും സാബു ജേക്കബ് ആഞ്ഞടിച്ചു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുമായാണ് ട്വന്റി20യുടെ യഥാര്‍ത്ഥ ഡീലെന്നും, കുന്നത്തുനാട്ടിലെ എട്ടു പഞ്ചായത്തുകളില്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലും പൂര്‍ണ്ണതയോടെ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പെരുമ്പാവൂരിലെ ജനങ്ങളുടെ ഓരോ വോട്ടും വികസനത്തിന്റെ പുതിയ ചരിത്രത്തിനുള്ള നിക്ഷേപമായിരിക്കുമെന്നും സാബു ജേക്കബ് ഓര്‍മ്മിപ്പിച്ചു. സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിനൊപ്പം പ്രശസ്ത നടി ലക്ഷ്മി പ്രിയ, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ഭസിത് കുമാര്‍ എന്നിവരുടെ സാന്നിധ്യവും പ്രചരണത്തിന് വന്‍ രാഷ്ട്രീയ മേല്‍ക്കൈ നല്‍കി. വ്യക്തിപരമായ രാഷ്ട്രീയ ലാഭങ്ങളേക്കാള്‍ നാടിന്റെ പുരോഗതിക്കും വികസനത്തിനും മുന്‍ഗണന നല്‍കുന്ന ട്വന്റി20യുടെ ഈ കടന്നാക്രമണം പെരുമ്പാവൂരിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി ഉലച്ചിരിക്കുകയാണ്. വാഗ്ദാനങ്ങളുടെ പുകമറയല്ല, മറിച്ച് പ്രായോഗികമായ കര്‍മ്മപദ്ധതികളുമായി ജനഹൃദയങ്ങള്‍ കീഴടക്കുന്ന സാബു ജേക്കബിന്റെ ഈ തേരോട്ടം പെരുമ്പാവൂരിന്റെ വിധി മാറ്റിക്കുറിക്കുമെന്നുറപ്പാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











