പെരുമ്പാവൂർ: അതിഥി തൊഴിലാളികളുടെ പ്രവാഹം പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും സൃഷ്ടിക്കുന്ന കടുത്ത സാമൂഹിക അസ്വസ്ഥതകൾക്ക് പരിഹാരം കാണണമെന്നും, സമഗ്രമായ അതിഥി തൊഴിലാളി നിയമനിർമ്മാണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. മാനവദീപ്തി ക്യാമ്പയിൻ കമ്മിറ്റി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ലേബർ കമ്മീഷണറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഞെട്ടിക്കുന്ന മറുപടികളുടെ പശ്ചാത്തലത്തിലാണ് മാനവദീപ്തി ചെയർമാൻ വർഗീസ് പുല്ലുവഴി കമ്മീഷനെ സമീപിച്ചത്.
നിലവിലെ നിയമവ്യവസ്ഥയിലെ പഴുതുകൾ അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണത്തിന് തടസ്സമാകുന്നുവെന്ന തൊഴിൽ വകുപ്പിന്റെ വെളിപ്പെടുത്തലാണ് പരാതിക്ക് ആധാരമായത്. 1979-ലെ കേന്ദ്ര അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം, ഒരു കോൺട്രാക്ടറുടെ കീഴിൽ അഞ്ചോ അതിലധികമോ പേർ ഒരുമിച്ച് എത്തുമ്പോൾ മാത്രമേ രജിസ്ട്രേഷൻ വ്യവസ്ഥകൾ ബാധകമാകൂ എന്നാണ് അധികൃതർ നൽകിയ മറുപടി. എന്നാൽ, കേരളത്തിലെത്തുന്ന ഭൂരിഭാഗം തൊഴിലാളികളും സ്വമേധയാ എത്തുന്നവരോ നിശ്ചിത കരാറുകാരില്ലാത്തവരോ ആണ്. ഇവർ ഒരിടത്ത് സ്ഥിരമായി ജോലി ചെയ്യാതെ ഇടയ്ക്കിടെ താമസം മാറ്റുന്നതിനാൽ രജിസ്ട്രേഷൻ നടപടികൾ അസാധ്യമാണെന്ന തൊഴിൽ വകുപ്പിന്റെ നിലപാട് പെരുമ്പാവൂർ പോലുള്ള മേഖലകളിൽ വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ഈ നിയമപരമായ പ്രതിസന്ധി മറികടക്കാൻ കേരളത്തിലെത്തുന്ന മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളെയും നിർബന്ധിത രജിസ്ട്രേഷൻ പരിധിയിൽ കൊണ്ടുവരുന്ന പുതിയ നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. അതിഥി തൊഴിലാളികളുടെ അനിയന്ത്രിതമായ പെരുപ്പം മണ്ഡലത്തിലെ ക്രമസമാധാന നിലയെയും സാമൂഹിക സുരക്ഷയെയും ബാധിക്കുന്ന സാഹചര്യത്തിൽ, ശാശ്വതമായ പരിഹാരക്രിയകൾ അനിവാര്യമാണെന്ന് വർഗീസ് പുല്ലുവഴി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ പെരുമ്പാവൂരിലെ ജനങ്ങളുടെ നീണ്ടകാലത്തെ ആശങ്കകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.











