പെരുമ്പാവൂർ: ഒക്കൽ ഓസ്കാർ സംഘടിപ്പിക്കുന്ന ഏഴാമത് സീസൺ അഖില കേരള വടംവലി മത്സരം ഈ വരുന്ന ഞായറാഴ്ച നടക്കും. ഒക്കൽ ആൽക്കവല പറക്കാട്ട് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 പ്രമുഖ ടീമുകൾ പങ്കെടുക്കും.
ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കൈകൊട്ടിക്കളിയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രീതി പ്രകാശ് പറക്കാട്ട് ഉദ്ഘാടനം ചെയ്യും. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സിന്ധു ചടങ്ങിൽ അധ്യക്ഷത വഹിക്കും. വടംവലി മത്സരത്തിന്റെ ഉദ്ഘാടനം റോയ് ജോർജ്, ഗോഡ്വിൻ ആന്റണി എന്നിവർ ചേർന്ന് നിർവ്വഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
മത്സരത്തിൽ വിജയിക്കുന്നവർക്കായി വൻ തുകയാണ് സമ്മാനമായി നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം 25,026 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 20,026 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 15,026 രൂപയും ട്രോഫിയും എന്നിങ്ങനെ എട്ട് ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരായ അഡ്വ. ബിജു കർണ്ണൻ, പ്രീതി പ്രകാശ് പറക്കാട്ട്, റോയ് ജോർജ്, ഗോഡ്വിൻ ആന്റണി, കെ.എം. സിന്തൽ, അനിൽ കപ്രക്കാട്ട്, ഗോപി വെള്ളിമറ്റം, ക്ലീറ്റസ് ഇടശേരി, എം. അനശ്വർ, ഡാൽവിൻ ദേവസിക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിക്കും.
വാർത്താസമ്മേളനത്തിൽ ഓസ്കാർ പ്രസിഡന്റ് കെ.പി. റെജി, സെക്രട്ടറി വിപിൻ ഗോപി, വൈസ് പ്രസിഡന്റ് സുജിത് ഗോപി, ട്രഷറർ ശ്രീജിത്ത് ശിവൻ, രക്ഷാധികാരി ബൈജു കുരിയാത്ത്, കെ.പി. രെജു, ശരത് മോഹനൻ, വിഷ്ണു സന്തോഷ് എന്നിവർ പങ്കെടുത്തു.
What do you feel about this post?

Like

Love

Happy

Haha

Sad











