പെരുമ്പാവൂർ: അഴിമതി ആരോപണങ്ങളും തെറിവിളികളും അസഭ്യവർഷവുമായി പെരുമ്പാവൂർ നഗരസഭാ കൗൺസിൽ യോഗം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി! കൗൺസിൽ ഹാളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ തെറിവിളിച്ചും മുദ്രാവാക്യം മുഴക്കിയും പോർവിളിച്ചതോടെ നഗരസഭയിൽ സംഘർഷാവസ്ഥയാണ് ഉടലെടുത്തത്. ഒടുവിൽ വനിതാ കൗൺസിലറെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷമായ എൽ.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സണെ കൂട്ടമായി ഉപരോധിച്ചു.കഴിഞ്ഞ മാസം 27-ന് നടന്ന കൗൺസിൽ യോഗത്തിൽ ഭരണസമിതിക്കെതിരെ വൻ സാമ്പത്തിക ക്രമക്കേടുകളാണ് പ്രതിപക്ഷം ഉയർത്തിയത്. ഇതോടെ അന്ന് മൂന്ന് പ്രധാന അജണ്ടകൾ പാസാക്കാതെ മാറ്റിവെക്കുകയും ചെയർപേഴ്സൺ യോഗം പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ അജണ്ടകൾ പിൻവാതിലിലൂടെ പാസാക്കിയെന്ന് വരുത്തിത്തീർക്കാൻ നഗരസഭാ മിനിട്സിൽ ഭരണസമിതി വ്യാജമായി രേഖപ്പെടുത്തിയതോടെയാണ് കൗൺസിൽ വീണ്ടും പുകഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച (15-ന്) ചേർന്ന യോഗത്തിൽ പ്രതിപക്ഷം ഈ കള്ളക്കളി ചോദ്യം ചെയ്തതോടെ യാതൊരു ചർച്ചയുമില്ലാതെ കൗൺസിൽ ഏകപക്ഷീയമായി പിരിച്ചുവിട്ട് ചെയർപേഴ്സൺ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ചെയർപേഴ്സന്റെ ഏകാധിപത്യ നിലപാടിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭയുടെ പ്രധാന കവാടം ഉപരോധിച്ച് അതിശക്തമായ കുത്തിയിരുപ്പ് സമരം നടത്തി. ഇതിനിടയിലാണ് കൗൺസിൽ യോഗത്തെ അലങ്കോലപ്പെടുത്തിക്കൊണ്ട് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഷറഫ് എൽ.ഡി.എഫ് അംഗങ്ങളെയും പ്രത്യേകിച്ച് വനിതാ കൗൺസിലർമാരെയും ശരീരഭാഷകൊണ്ടും അസഭ്യവർഷം കൊണ്ടും വേട്ടയാടിയത്. സ്ത്രീത്വത്തെ അപമാനിച്ച ഈ ചെയർമാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കൗൺസിലർമാർ കൗൺസിൽ ഹാളിൽ വിളിച്ചുപറഞ്ഞു.
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഡോ. അജി സി. പണിക്കരുടെ പിതാവിൻ്റെ പേരിൽ ആക്ഷേപിച്ച് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഷറഫ് ആക്രോശിച്ചതാണ് കൗൺസിലിനെ അന്തിമമായി തീപിടിപ്പിച്ചത്. ഈ ഗുരുതരമായ വിഷയം ചർച്ച ചെയ്യാൻ ചെയർപേഴ്സൺ വിസമ്മതിച്ചതോടെ പ്രതിപക്ഷം കസേരകളിൽ നിന്ന് എഴുന്നേറ്റ് ചെയർപേഴ്സന്റെ ഡയസ് വളഞ്ഞ് അവരെ ഉപരോധിച്ചു. വരും ദിവസങ്ങളിൽ നഗരസഭയെ ഇളക്കിമറിച്ചുകൊണ്ട് അതിശക്തമായ ജനകീയ സമരങ്ങളിലേക്ക് നീങ്ങാനാണ് എൽ.ഡി.എഫ് തീരുമാനം.
What do you feel about this post?

Like

Love

Happy

Haha

Sad











