പെരുമ്പാവൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന പെരുമ്പാവൂർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം സുഗമമാക്കാൻ ആഭ്യന്തര വകുപ്പ് അനുവദിച്ച പ്രത്യേക പോലീസ് സേനയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് മനോജ് മൂത്തേടൻ എം.എൽ.എ അറിയിച്ചു. വർദ്ധിച്ചുവരുന്ന ക്രിമിനൽ-ലഹരി കേസുകൾക്ക് തടയിടാൻ സ്റ്റേഷനിലെ സേനാബലം വർദ്ധിപ്പിക്കണമെന്ന ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.നാൽപ്പത് വർഷം മുൻപുള്ള ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള സേനാ സംവിധാനമാണ് നിലവിൽ പെരുമ്പാവൂർ സ്റ്റേഷനിലുള്ളത്. എന്നാൽ ഒരു ലക്ഷത്തിലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂടി എത്തിയതോടെ നഗരത്തിലെ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇതര സംസ്ഥാനക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിനായി ദിവസവും നാലഞ്ചു പോലീസുകാർക്കെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്നത് പതിവാണ്. ഇതോടെ സ്റ്റേഷനിലെ ദൈനംദിന കേസന്വേഷണങ്ങൾ പോലും വഴിമുട്ടുന്ന ഗുരുതരമായ സാഹചര്യമാണ് നിലനിന്നിരുന്നത്.കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ തന്റെ ആദ്യ ചോദ്യോത്തരവേളയിൽ തന്നെ എം.എൽ.എ ഈ വിഷയം ഉന്നയിച്ചിരുന്നു. അന്ന് ആഭ്യന്തര വകുപ്പ് വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് ഉറപ്പുനൽകി. പിന്നീട് ‘ഓപ്പറേഷൻ തൃഫാനു’മായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി പെരുമ്പാവൂരിലെത്തിയപ്പോഴും എം.എൽ.എ ഈ പ്രതിസന്ധി നേരിട്ട് ധരിപ്പിച്ചു. പെരുമ്പാവൂരിലെ ഈ പ്രത്യേക സാഹചര്യം കൃത്യമായി മനസ്സിലാക്കിയാണ് ഇപ്പോൾ പ്രത്യേക സേനാ സംവിധാനം അനുവദിച്ചിരിക്കുന്നത്.പുതിയതായി എത്തുന്ന സേനാംഗങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈ എടുക്കുമെന്നും, ഈ കൂടുതൽ സേനാ സംവിധാനം പെരുമ്പാവൂരിൽ സ്ഥിരമായി തന്നെ നിലനിർത്താൻ സർക്കാർ തയ്യാറാകണമെന്നും മനോജ് മൂത്തേടൻ എം.എൽ.എ ആവശ്യപ്പെട്ടു.
What do you feel about this post?

Like

Love

Happy

Haha

Sad











