പെരുമ്പാവൂർ: പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടുപേരെക്കൂടി പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരാണ് പിടിയിലായത്. തായ്ലൻഡിൽനിന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പ്രാദേശിക വിതരണക്കാരിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇരുവരും. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽനിന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് ഇവരെ പിടികൂടിയത്.കേസുമായി ബന്ധപ്പെട്ട് പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാം തൊടി സഞ്ജയ് പി (22) എന്നിവരെ നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരുവിൽനിന്നാണ് പോലീസ് പിടികൂടിയത്.ഇന്ത്യക്കകത്തും പുറത്തുമുള്ള ലഹരിമരുന്ന് വിതരണ ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെല്ലാം വലയിലായത്. തായ്ലൻഡിലെ വിവിധ എയർപോർട്ടുകൾ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ ഉന്നതരാണിവർ. പ്രതികളിൽനിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാട് രേഖകൾ, വിദേശയാത്രാ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. അബു താഹിറും ഹരികൃഷ്ണനും ചേർന്ന് ഏജന്റുമാർക്ക് വിസയും ടിക്കറ്റും പ്രതിഫലവും നൽകി തായ്ലൻഡിലേക്ക് അയക്കുകയാണ് പതിവ്. ഇവർ തിരികെ എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് എയർപോർട്ടിന് പുറത്തുവെച്ച് വാങ്ങി മറ്റ് വിതരണക്കാർക്ക് കൈമാറുകയായിരുന്നു രീതി.’ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം 18 കോടിയോളം രൂപ വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് വൈകീട്ട് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആയുഷിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ബാക്കി 16 കിലോ കഞ്ചാവ് കണ്ടെത്തുകയും ഭാര്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.എഎസ്പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്ജ്, ടിപി അബ്ദുൾ ജലീൽ, എഎസ്ഐ സുബൈർ എംബി, സീനിയർ സിപിഒ ഷിജോ പോൾ, സിപിഒ നജ്മി എകെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
What do you feel about this post?

Like

Love

Happy

Haha

Sad











