പെരുമ്പാവൂർ: സംസ്ഥാനത്ത് ലഹരി മാഫിയയ്‌ക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി നേരിട്ട് നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ വലിയ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ പെരുമ്പാവൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾ കടന്നുള്ള ലഹരി ശൃംഖലകളെ തകർക്കുന്നതിനും ഈ ടാസ്‌ക് ഫോഴ്‌സ് നേതൃത്വം നൽകും. പെരുമ്പാവൂരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ജൂലൈ പത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
പെരുമ്പാവൂരിന്റെ പ്ലൈവുഡ് തലസ്ഥാനം എന്ന അഭിമാനപ്പേര് തിരിച്ചെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ് അധികൃതർ. ലഹരി വേട്ടയിൽ ഒതുങ്ങുന്നതല്ല ഓപ്പറേഷൻ തൂഫാനെന്നും കർശനമായ നിയമനടപടികളും തുടർനിരീക്ഷണവും ഒരുപോലെ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെരുമ്പാവൂരിലെ മുഴുവൻ ജനങ്ങളെയും ‘തൂഫാൻ വാറിയേഴ്സ്’ ആയി പ്രഖ്യാപിച്ച മന്ത്രി, ‘തൂഫാൻ കെയർ’ പദ്ധതിയുമായി ആദ്യം സഹകരിച്ച അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയെ അഭിനന്ദിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ജനശ്രദ്ധയിലെത്തിച്ച റസൽ സിഎ, സഹലബത്ത് എംഎസ് ഉൾപ്പെടെയുള്ളവർക്ക് ആഭ്യന്തര മന്ത്രി ‘തൂഫാൻ വാറിയർ’ ബാഡ്ജ് സമ്മാനിച്ചു.
മനോജ് മുത്തേടൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർലമെന്റ് തുടങ്ങുമ്പോൾ തന്റെ ആദ്യ സബ്‌മിഷൻ എൻഡിപിഎസ് ആക്ടിലെ പോരായ്‌മ പരിഹരിക്കുന്നതിനു വേണ്ടിയുള്ളതാകുമെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. ലഹരിക്കേസിൽ പിടിക്കപ്പെടുന്നവർക്കായി ഒരു പിന്തുണയും നൽകരുതെന്ന് വിപി സജീന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഒരു സമൂഹം ഒന്നടങ്കം മുന്നോട്ടുവന്നാൽ ലഹരി മാഫിയയ്ക്ക് വിജയിക്കാനാകില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. അഡ്വ എൽദോസ് കുന്നപ്പിള്ളി, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, ബ്ലോക്ക് പ്രസിഡന്റ് സുനിൽ, എസ് ഷറഫ്, ഒ ദേവസ്യ, പി സക്കീർഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർപേഴ്സൺ സംഗീത കെഎൻ സ്വാഗതവും ആലുവ റൂറൽ എസ്പി സുദർശൻ നന്ദിയും പറഞ്ഞു. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ബഹുജന റാലിയും സംഘടിപ്പിച്ചു. തുടർന്ന് ഫാസ് ഓഡിറ്റോറിയത്തിൽ വ്യവസായ പ്രതിനിധികളുമായും കണ്ടന്തറ ഭായ് കോളനിയിൽ അതിഥി തൊഴിലാളികളുമായും മന്ത്രി മുഖാമുഖം നടത്തി.
What do you feel about this post?

Like

Love

Happy

Haha

Sad











