പെരുമ്പാവൂരിൽ ദുർബല സ്ഥാനാർത്ഥികൾ, കളത്തിൽ നേരിട്ടിറങ്ങാനൊരുങ്ങി സാബു എം. ജേക്കബ്

പെരുമ്പാവൂർ: കേരള രാഷ്ട്രീയത്തിന്റെ സകല കണക്കുകൂട്ടലുകളെയും തകിടം മറിച്ചുകൊണ്ട് പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ സ്ഫോടനം. സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടില്ലെന്നുറപ്പായതോടെ, അങ്കത്തട്ടിലേക്ക് ട്വന്റി20 ചീഫ് സാബു എം. ജേക്കബ് നേരിട്ട് പടക്കിറങ്ങുന്നു. വികസന നായകനായി സ്വയം പ്രതിഷ്ഠിച്ച സാബു ജേക്കബ് ഇത്തവണ പെരുമ്പാവൂരിന്റെ മണ്ണ് എൻ.ഡി.എ സഖ്യത്തിനായി പിടിച്ചെടുക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ഇടത്-വലത് മുന്നണികൾ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലായിരിക്കുകയാണ്. ജനകീയനായ എൽദോസിന്റെ അസാന്നിധ്യം സൃഷ്ടിക്കുന്ന രാഷ്ട്രീയ ശൂന്യത മുതലെടുത്ത് ചരിത്രവിജയം കുറിക്കാനാണ് സാബു ജേക്കബിന്റെ നീക്കം. തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങൾ കിഴക്കമ്പലത്ത് പൂർത്തിയായിക്കഴിഞ്ഞു.

എൽ.ഡി.എഫ് ക്യാമ്പിലാകട്ടെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറിയാണ് നടക്കുന്നത്. തട്ടിപ്പുകളിലും സാമ്പത്തിക തിരിമറികളിലും പെട്ടുപോയ, ജനങ്ങൾക്കിടയിൽ തീർത്തും അവമതിപ്പുള്ള ഒരു ‘മാണി ഗ്രൂപ്പ്’ സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് തലയിൽ ചുമക്കുന്നത് അണികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. വിശ്വസ്തരായ ഇടത് വോട്ടർമാർ പോലും ഇത്തവണ പോളിംഗ് ബൂത്തിൽ കൈവിടുമെന്ന അവസ്ഥയാണ് പെരുമ്പാവൂരിലുള്ളത്. ഇത്തരമൊരു ദുർബല സ്ഥാനാർത്ഥിക്ക് സാബു ജേക്കബിനെപ്പോലൊരു അതികായനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം പോലും രഹസ്യമായി സമ്മതിക്കുന്നു

യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം കൊടുമ്പിരിക്കൊള്ളുകയാണ്. മൂവാറ്റുപുഴക്കാരനായ ഉല്ലാസിനെ അവതരിപ്പിക്കാനുള്ള നീക്കം വോട്ടർമാർ പുച്ഛിച്ചു തള്ളുകയാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷനായിരുന്നിട്ടും പെരുമ്പാവൂരിന് ഗുണകരമായ ഒരു വികസനവും കൊണ്ടുവരാൻ കഴിയാത്ത ഉല്ലാസിന് ‘വിരുന്നുകാരൻ’ എന്ന പരിവേഷം മാറിക്കിട്ടില്ല. പെയ്മെന്റ് സീറ്റ് വിവാദം കൂടി ഉയർന്നതോടെ യു.ഡി.എഫ് വോട്ടുകൾ കൂട്ടത്തോടെ ചോരാൻ സാധ്യതയേറി. അതേസമയം മനോജ് മൂത്തേടനെ കോൺഗ്രസ് പരിഗണിച്ചാൽ അദ്ദേഹത്തിന്റെ വോട്ട് ബാങ്കിലെ പരിമിതികൾ തിരിച്ചടിയാണ്. സംഘടനാപരമായി ശക്തനാണെങ്കിലും മുസ്ലിം വോട്ടർമാരെ സ്വാധീനിക്കാനോ അവരുടെ വിശ്വാസം ആർജ്ജിക്കാനോ ഉള്ള സമയം മനോജിനില്ലെന്നത് കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കാൻ കാരണമാകും. ഈ വിടവിലേക്ക് ട്വന്റി20യുടെ വികസന കാഴ്ച്ചപ്പാടുകൾ കടന്നുകയറുന്നത് കോൺഗ്രസിന് വലിയ ഭീഷണിയാണ്.

വോട്ട് കണക്കിലെ മാന്ത്രികത പരിശോധിച്ചാൽ സാബു ജേക്കബിന് വിജയം തൊട്ടടുത്താണ്. കഴിഞ്ഞ തവണ ട്വന്റി20യും ബി.ജെ.പി സ്ഥാനാർത്ഥിയും കൂടി സമാഹരിച്ച മുപ്പത്തയ്യായിരത്തോളം വോട്ടുകൾ ഇത്തവണ സാബു ജേക്കബ് എന്ന ബ്രാൻഡിന് കീഴിൽ ഒരുമിക്കും. എൽദോസ് കുന്നപ്പിള്ളി കഷ്ടിച്ച് നേടിയ പതിനേഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാൻ ഇത്തവണ സാബു ജേക്കബിന് വെറും ഒമ്പതിനായിരം വോട്ടുകൾ മാത്രം യു.ഡി.എഫ്-എൽ.ഡി.എഫ് പാളയത്തിൽ നിന്ന് മറിച്ചാൽ മതിയാകും. രണ്ട് മുന്നണികളും അവതരിപ്പിച്ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ ബലഹീനത ഈ ലക്ഷ്യം അനായാസമാക്കുന്നു. മണ്ഡലത്തിലെ നിർണ്ണായക ഘടകമായ യാക്കോബായ സഭാ വോട്ടുകൾ ചിതറിപ്പോകാൻ സാധ്യതയുള്ളതിനാൽ മുസ്ലിം വോട്ടുകൾ ആര് നേടുന്നു എന്നത് ഇത്തവണ പെരുമ്പാവൂരിന്റെ വിധി മാറ്റിയെഴുതും.

മുസ്ലിം വോട്ടർമാർക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ എൽ.ഡി.എഫിന്‌ കഴിയാത്ത സാഹചര്യം സാബു ജേക്കബ് സമർത്ഥമായി ഉപയോഗിക്കുകയാണ്. എസ്.ഡി.പി.ഐ വോട്ടുകൾ പോലും നിർണ്ണായകമാകുന്ന ഈ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ വികസനത്തിന്റെ പുതിയ ഭാഷയുമായാണ് സാബു ജേക്കബ് രംഗത്തെത്തുന്നത്. അങ്കമാലിയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ ഇറക്കി മുന്നണികളെ ഞെട്ടിച്ച സാബു ജേക്കബ്, സ്വന്തം തട്ടകമായ പെരുമ്പാവൂരിൽ നേരിട്ടിറങ്ങുന്നത് എറണാകുളം ജില്ലയിലെ ആദ്യ എൻഡി എ എം.എൽ.എ എന്ന റെക്കോർഡ് സ്വന്തമാക്കാൻ കൂടിയാണ്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയുടെ പ്രവർത്തനത്തിന്‌ മാത്രമേ ശാശ്വതവിജയം സമ്മാനിക്കൂ എന്നതിനാൽ സമയം കളയാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൽ നടക്കേണ്ടതായുണ്ട്‌. അതിനിടെ എൽദോസ്‌ കുന്നപ്പിളളിക്ക്‌ ട്വൻ്റി20 ഓഫർ നൽകിയെങ്കിലും കുന്നപ്പിളളി അതിനോട് പ്രതികരിച്ചില്ല.അനുകൂല സാഹചര്യം മുതലെടുക്കാൻ അണിയറയിൽ ട്വൻ്റി20 ഒരുക്കുന്ന കെണിയിൽ ആര്‌ വീഴുമെന്നതും കേരളം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നിനായി പെരുമ്പാവൂർ മാറുമോ എന്നതും കാത്തിരുന്ന്‌ കാണാം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top