പെരുമ്പാവൂർ: വല്ലം ചൂണ്ടി മസ്ജിദുൽ ഫാറൂഖിയ ഹാളിൽ ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്രം ഭാരവാഹി മതസൗഹാർദത്തിന് മാതൃകയായി. ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്ത ക്ഷേത്രം പ്രസിഡന്റും എസ്എൻഡിപി ശാഖാ പ്രസിഡന്റുമായ ഗോപി വെള്ളിമറ്റമാണ് നോമ്പുതുറ സംഘടിപ്പിച്ചത്. വർഗീയതയെ തള്ളിക്കളയുന്ന സന്ദേശമാണ് ഇത്തരം കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം 600ഓളം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. കഴിഞ്ഞ നാല് വർഷമായി കോട്ടയിൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതര മതസ്ഥരെ പങ്കെടുപ്പിച്ച് സദ്യയൊരുക്കുന്ന പതിവും ഗോപി വെള്ളിമറ്റത്തിന്റെ നേതൃത്വത്തിലുള്ള സമിതി തുടരുന്നുണ്ട്. ഫ്രണ്ട്സ് പോളി പ്ലാസ്റ്റിക് മാനേജിങ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
മസ്ജിദ് ഹാളിൽ നടന്ന ചടങ്ങിൽ ഖത്തീബ് ജിഷാം അഹ്സനി റംസാൻ സന്ദേശം നൽകി. മതം മനുഷ്യരെ അടുപ്പിക്കാനാണെന്നും ഇത്തരം പ്രവൃത്തികൾ നാടിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ എം മൊയ്തീൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി ശാഖ സെക്രട്ടറി എം ആർ ജയൻ, ഫ്രണ്ട്സ് പോളി പ്ലാസ്റ്റിക് മാനേജിങ് പാർട്ണർ ടി ആർ രഞ്ജിത്, ജമാഅത്ത് സെക്രട്ടറി പി ബി മുഹമ്മദാലി എന്നിവർ സംസാരിച്ചു.











