പെരുമ്പാവൂർ : കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികൾ. ഇനി നിശബ്ദ പ്രചരണത്തിലൂടെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ. തങ്ങളുടെ ശക്തി തെളിയിക്കാൻ മുന്നണികൾ വാശിയോടെ മുന്നിട്ടിറങ്ങിയപ്പോൾ കൊട്ടിക്കലാശത്തിന് പതിൻമടങ്ങ് ശോഭയാണ് പെരുമ്പാവൂരിൽ കാണാൻ കഴിഞ്ഞത്. മുന്നണികൾ ഒരേ സ്ഥലത്ത് അണിനിരന്നപ്പോഴും രാഷ്ട്രീയ പക്വത കൈവരിച്ചത് അപൂർവ കാഴ്ച്ചയായി മാറി. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ഉയർന്ന ഊർജ്വസ്വലതയോടുള്ള വ്യത്യസ്ഥ മുദ്രാവാക്യങ്ങൾ ഓരോ മുന്നണികളും തങ്ങളുടെ ശക്തിതെളിയിക്കാനുള്ള അവസരമാക്കി മാറ്റുകയാണുണ്ടായത്. തൊട്ടടുത്ത് നിന്ന് എതിർ ചേരികളിലുള്ളവർ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോഴും അത് കൈയാങ്കളിയിലേക്ക് നീങ്ങാതെ അണികളിൽ ജാഗ്രതയോടുള്ള പെരുമാറ്റമാണ് പെരുമ്പാവൂരിലുണ്ടായത്.
ചെണ്ടമേളം, ബാൻഡ് സെറ്റുകൾ, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടുള്ള പ്രവർത്തകരുടെ നൃത്തച്ചുവടുകൾ കൊട്ടിക്കലാശത്തിന് താളമേകി. ആശയപരമായ പോരാട്ടം നടക്കുമ്പോഴും സൗഹൃദപരമായ വെല്ലുവിളികൾ മാത്രമാണ് പലയിടങ്ങളും ഉണ്ടായത്. നീണ്ട പ്രചാരണ പരിപാടികളുടെ ക്ലൈമാക്സിലേക്ക് അടുത്തപ്പോൾ ഓരോ മുന്നണികളും തങ്ങളുടെ വോട്ട് ബാങ്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന അവസാനവട്ട ശക്തിപ്രകടനമാണ് കാഴ്ച്ചവെച്ചത്. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥികൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യലും വോട്ടർമാരോട് അവസാനവട്ട വോട്ടഭ്യർഥനയുമാണ് നടന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad











