പെരുമ്പാവൂരിൽ പോളിംഗ് ആവേശം കൊടുമുടിയിൽ; പോർവിളികളും യന്ത്രത്തകരാറും വകഞ്ഞുമാറ്റി വോട്ടർമാരുടെ മഹാപ്രവാഹം

പെരുമ്പാവൂർ: ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ ആവേശക്കടലായി പെരുമ്പാവൂർ നിയമസഭാ മണ്ഡലം. അങ്ങിങ്ങായി ഉയർന്ന പോർവിളികളും വോട്ടിംഗ് യന്ത്രങ്ങൾ ചതിച്ച നിമിഷങ്ങളും വകഞ്ഞുമാറ്റി വോട്ടർമാർ ബൂത്തുകളിലേക്ക് ഇരച്ചെത്തിയപ്പോൾ മണ്ഡലം സാക്ഷ്യം വഹിച്ചത് ശക്തമായ പോരാട്ടത്തിന്. പ്രമുഖ സ്ഥാനാർത്ഥികളും സിനിമാ താരങ്ങളും മതമേലധ്യക്ഷന്മാരും വോട്ട് രേഖപ്പെടുത്താനെത്തിയതോടെ പോളിംഗ് കേന്ദ്രങ്ങൾ താരനിബിഡമായി.

പുലർച്ചെ മുതൽ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. രായമംഗലം പഞ്ചായത്തിലെ കുരുപ്പപാറ 156-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബേസിൽ പോൾ കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ 80 ശതമാനത്തിലധികം പോളിംഗ് നടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ ഉച്ചയ്ക്ക് 1.20-ഓടെ ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 26-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പമെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. ട്വന്റി 20-എൻ.ഡി.എ സ്ഥാനാർത്ഥി ജിബി പാത്തിക്കൽ അല്ലപ്ര വാലാക്കരയിലെ 18-ാം നമ്പർ ബൂത്തിൽ പുലർച്ചെ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങി.

പ്രശസ്ത ചലച്ചിത്ര താരം ആശ ശരത്ത് പെരുമ്പാവൂർ ഗവ. ബോയ്സ് സ്കൂളിലും, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പത്നി ശാന്തിയോടൊപ്പം ഇരിങ്ങോൾ പെരിയാർ വാലി ക്ലബ്ബിലും വോട്ട് ചെയ്യാനെത്തിയത് വോട്ടർമാരിലും ആവേശമുണ്ടാക്കി. മാത്യൂസ് മോർ അഫ്രേം തിരുമേനിയും അല്ലപ്രയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

വോട്ടിംഗ് യന്ത്രങ്ങൾ ചിലയിടങ്ങളിൽ വില്ലനായത് വോട്ടർമാരെ അല്പം വലച്ചു. ചേരാനല്ലൂർ പള്ളി സ്കൂൾ 47-ാം ബൂത്തിലും, വെങ്ങോല ശാലേം എം.ടി.എൽ.പി സ്കൂളിലെ 140-ാം ബൂത്തിലും യന്ത്രത്തകരാർ മൂലം വോട്ടിംഗ് തടസ്സപ്പെട്ടു. വെങ്ങോലയിൽ ഒരു മണിക്കൂറോളം വൈകിയാണ് വോട്ടിംഗ് പുനരാരംഭിക്കാനായത്. അയ്മുറി കുന്നുമ്മേൽ ഹയർ സെക്കൻഡറി സ്കൂളിലെ 25-ാം ബൂത്തിലും ബാറ്ററി തകരാർ മൂലം വോട്ടെടുപ്പ് മുടങ്ങി. എന്നാൽ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ വലിയ പ്രതിസന്ധികൾ ഒഴിവാക്കി.

ബൂത്തുകളിലെ കൗതുകക്കാഴ്ചകളും ശ്രദ്ധേയമായിരുന്നു. പെരുമ്പാവൂർ ഗവ. ബോയ്സ് സ്കൂളിലെ 93-ാം നമ്പർ ബൂത്തിൽ കന്നി വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകിയാണ് വില്ലേജ് ഓഫീസർ കെ കെ രാജനും സംഘവും വരവേറ്റത്. വനിതകൾ മാത്രം നിയന്ത്രിച്ച പെരുമ്പാവൂർ ആശ്രമം സ്കൂളിലെ പിങ്ക് ബൂത്ത് സ്ത്രീ ശാക്തീകരണത്തിന്റെ വിളംബരമായി മാറി.

മണ്ഡലത്തിന്റെ ചിലയിടങ്ങളിൽ രാഷ്ട്രീയ പോര് തെരുവിലേക്ക് പടർന്നു. നെടുങ്ങപ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചതുമായി ബന്ധപ്പെട്ട് മുന്നണി പ്രവർത്തകർ തമ്മിൽ ഉരസലുണ്ടായി. മുടക്കുഴ പഞ്ചായത്തിലെ 79, 80 ബൂത്തുകളിലും സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പോലീസ് കനത്ത സുരക്ഷയൊരുക്കി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അകനാട് ഭാഗത്ത് അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കവും പോലീസെത്തിയാണ് പരിഹരിച്ചത്. നേരിയ സംഘർഷങ്ങൾ മാറ്റിവെച്ചാൽ പെരുമ്പാവൂർ മണ്ഡലം വിധിയെഴുത്തിൽ ആവേശം ഒട്ടും കുറച്ചില്ല.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top